
താഷ്‌കന്‍റ്: യുറേനിയം വിതരണത്തിനായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ചട്ടക്കൂട് രൂപീകരിക്കാന്‍ ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മില്‍ ധാരണയായി. താഷ്‌കന്‍റില്‍ ഉസ്‌ബെക്ക് പ്രസിഡന്‍റ് ഷവ്കത് മിര്‍സിയോയേവുമായി നടത്തിയ ഉന്നതതല ചര്‍ച്ചയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഊര്‍ജം, നിര്‍ണായക ധാതുക്കള്‍, അടിസ്ഥാന സൗകര്യവികസനം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
ഇന്ത്യ-ഉസ്‌ബെക്ക് ബന്ധം സമഗ്രവും തന്ത്രപ്രധാനവുമായ പങ്കാളിത്തമായി ഉയര്‍ത്താനും, നിലവില്‍ ഒരു ബില്യണ്‍ യുഎസ് ഡോളറിലധികമുള്ള വാര്‍ഷിക ഉഭയകക്ഷി വ്യാപാരത്തിന്‍റെ അളവ് 2030-ഓടെ അഞ്ച് ബില്യണ്‍ യുഎസ് ഡോളറായി വര്‍ധിപ്പിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.
തന്ത്രപ്രധാന പങ്കാളിത്തത്തിലൂടെ ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും കൃത്യമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഉഭയകക്ഷി സഹകരണത്തിന് നേതൃത്വം നല്‍കുന്നതിനായി വിദേശകാര്യമന്ത്രി തലത്തിലുള്ള ഒരു ഏകോപന സമിതി രൂപീകരിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. നിലവിലുള്ള സംയുക്ത കമ്മിഷനെ സെക്രട്ടറി തലത്തില്‍ നിന്ന് മന്ത്രി തലത്തിലേക്ക് ഉയര്‍ത്തുമെന്നും മോദിപറഞ്ഞു.