Image

'യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ'യെ അംഗീകരിച്ച് സിറ്റി ഓഫ് റിവർസൈഡ് മേയറുടെ പ്രഖ്യാപനം ; പുതിയ അവകാശവാദവുമായി നിത്യാനന്ദ

Published on 30 August, 2026
'യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ'യെ അംഗീകരിച്ച് സിറ്റി ഓഫ് റിവർസൈഡ് മേയറുടെ പ്രഖ്യാപനം ; പുതിയ അവകാശവാദവുമായി നിത്യാനന്ദ

 

ന്യൂഡൽഹി: 'ഹിന്ദുമത പരമാചാര്യൻ' സ്വാമി നിത്യാനന്ദയെ കാലിഫോർണിയയിലെ റിവർസൈഡ് നഗരസഭയും, മേയർ പട്രീഷ്യ ലോക്ക് ഡോവ്സണും ആദരിച്ച് പ്രത്യേക പ്രഖ്യാപനം നടത്തിയതായി അവകാശപ്പെട്ട് 'യുനൈറ്റഡ‍് സ്റ്റേറ്റ്സ് ഓഫ് കൈലാസ.' 2026 ഓഗസ്റ്റ് 25-നെ റിവർസൈഡ് നഗരത്തിൽ '46-ാമത് ചാതുർമാസ്യ ആചരണ ദിനം' ആചരിക്കുമെന്ന്  മേയർ ഔദ്യോഗികമായി പ്രഖ്യാപിച്ചെന്നാണ് നിത്യാനന്ദയുടെ പേജ് പറയുന്നത്.

ആത്മീയ സാധനകൾക്കും ആന്തരിക ശുദ്ധീകരണത്തിനുമായി മാറ്റിവെച്ചിരിക്കുന്ന ഹൈന്ദവാചാരമാണ് ചാതുർമാസ്യം എന്ന് മേയർ പറയുന്നു. ഒക്ടോബർ മാസത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങളോടെ ഈ ആചാരം പൂർത്തിയാകും.

ഹിന്ദു സംസ്കാരവും അറിവുകളും സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന പ്രസ്ഥാനം എന്നാണ് 'യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ സ്വയം വിശേഷിപ്പിക്കുന്നത്. ഈ പ്രസ്ഥാനത്തിന്റെ ഭരണാധികാരിയായ നിത്യാനന്ദ അവകാശപ്പെടുന്നത് പരമശിവന്റെ 1008-ാമത് അവതാരം എന്നാണ്.

പ്രധാനപ്പെട്ട നേട്ടങ്ങൾ ആഘോഷിക്കുന്ന വ്യക്തികൾക്കും, സമൂഹത്തിന് നൽകിയ വ്യക്തിഗത സംഭാവനകൾ നൽകിയവർക്കുമെല്ലാം ആദരവ് നൽകുന്ന ഒരു പരിപാടി റിവർസൈഡ് നഗരസഭയ്ക്ക് ഉണ്ടെന്ന് അവരുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഇതിനായി ആർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയും. അപേക്ഷ അംഗീകരിച്ച് 'സർട്ടിഫിക്കറ്റ് ഓഫ് റെക്കഗ്നിഷൻ' അഥവാ ആദരപത്രം നൽകുന്നതും പതിവാണ്. ഇത്തരമൊരു ആദപത്രമാണ് നിത്യാനന്ദയ്ക്ക് ലഭിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം കൂടുതലായതിനാൽ, സർട്ടിഫിക്കറ്റുകൾക്കും പ്രൊക്ലമേഷനുകൾക്കുമുള്ള എല്ലാ അപേക്ഷകളും ആവശ്യമായ തീയതിക്ക് 30 ദിവസം മുമ്പെങ്കിലും ലഭിച്ചിരിക്കണമെന്ന നിർബന്ധമുണ്ട്. അഥവാ 30 ദിവസം കൊണ്ട് ആദരപത്രം സംഘടിപ്പിക്കാൻ കഴിയും. ഇത് അത്ര കാര്യമായി പരിശോധിച്ചും മറ്റുമല്ല നൽകുന്നതെന്ന ആരോപണം നേരത്തെ തന്നെയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക