
ന്യൂയോർക്ക്: ഭൗതിക സുഖങ്ങൾ ശാശ്വതമായ സംതൃപ്തി നൽകില്ലെന്നും മറ്റുള്ളവരുടെ ക്ഷേമത്തിനായി ജീവിക്കുന്നതിലാണ് മനുഷ്യജീവിതത്തിന്റെ യഥാർഥ അർഥമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യർ തമ്മിൽ ഭാഷ, മതം, ദേശീയത, ജീവിതരീതി എന്നിവയിൽ വ്യത്യാസങ്ങളുണ്ടെങ്കിലും അതിനപ്പുറം ആഴത്തിലുള്ള ഏകത്വമുണ്ടെന്ന് ഭാഗവത് പറഞ്ഞു. വ്യത്യാസങ്ങൾ ഇല്ലാതാക്കുകയല്ല, അവയെ അംഗീകരിക്കുകയും ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം ഏകത്വം തിരിച്ചറിയുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയും ഇന്ത്യയും വൈവിധ്യത്തിനുള്ളിലെ ഏകത്വത്തിന്റെ ആശയവുമായി ബന്ധപ്പെട്ട രാജ്യങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സാംസ്കാരിക ദൗത്യം ലോകത്തിന് വൈവിധ്യത്തിനിടയിലെ ഏകത്വം സ്വന്തം പ്രവർത്തനങ്ങളിലൂടെ കാണിച്ചുകൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിലൂടെയല്ല, ജീവിതത്തിലൂടെയാണ് ഈ സന്ദേശം നൽകേണ്ടതെന്നും ഭഗവത് വ്യക്തമാക്കി.
അമേരിക്കയിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇന്ത്യൻ വംശജർ തങ്ങളുടെ 'കർമഭൂമി'യായ അമേരിക്കയോട് വിശ്വസ്തരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് പ്രവാസികളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും എന്നാൽ ഇന്ത്യയിൽ നിന്ന് പകർന്നുകിട്ടിയ മൂല്യങ്ങൾ അവർ ജീവിതത്തിൽ പാലിക്കണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭഗവത് അഭിപ്രായപ്പെട്ടു.
പരിസ്ഥിതി സംരക്ഷണത്തെയും അദ്ദേഹം പ്രസംഗത്തിൽ പ്രധാന വിഷയമാക്കി. വികസനവും പരിസ്ഥിതി സംരക്ഷണവും പരസ്പരം വിരുദ്ധമാകേണ്ടതില്ലെന്നും വ്യക്തി, സമൂഹം, പ്രകൃതി എന്നിവ ഒരുമിച്ച് പുരോഗമിക്കുന്ന ജീവിതരീതിയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
'നാം മനുഷ്യരുമായി ഒന്നാണ്. പ്രകൃതിയുമായും ഒന്നാണ്. നാം ചെയ്യുന്ന കാര്യങ്ങൾ നമ്മെ മാത്രമല്ല, എല്ലാറ്റിനെയും നിലനിർത്തുന്നതാണെന്ന് ഉറപ്പാക്കണം' - ഭഗവത് അഭിപ്രായപ്പെട്ടു.
ഇതിന് അടിസ്ഥാനമായ തത്വത്തെ 'ധർമ്മം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അത് മതമോ ആരാധനാരീതിയോ അല്ലെന്നും പ്രപഞ്ചത്തെ നിലനിർത്തുന്ന തത്വമാണെന്നും അദ്ദേഹം വിശദീകരിച്ചു.
വ്യക്തിയുടെ നേട്ടങ്ങൾ സമൂഹത്തിന്റെ ക്ഷേമത്തിന് വിരുദ്ധമാകരുതെന്നും സമൂഹത്തിന്റെയും പ്രകൃതിയുടെയും താൽപര്യങ്ങൾക്കൊപ്പം വ്യക്തിയുടെ പുരോഗതിയും മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കൾ, കർഷകർ, തൊഴിലാളികൾ തുടങ്ങി അനേകം പേരുടെ സംഭാവനകളെ ആശ്രയിച്ചാണ് ഓരോ വ്യക്തിയുടെയും ജീവിതമെന്നതിനാൽ സമൂഹത്തിന് തിരികെ നൽകാനുള്ള ഉത്തരവാദിത്തവും ഓരോരുത്തർക്കുമുണ്ടെന്ന് ഭഗവത് ചൂണ്ടിക്കാട്ടി.
'ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുക' എന്നതിൽ മാത്രം ഒതുങ്ങാതെ മറ്റുള്ളവരെ ജീവിക്കാനും വളരാനും സഹായിക്കണമെന്നായിരുന്നു ഭാഗവതിന്റെ ആഹ്വാനം. 'എന്റെ ജീവിതം മറ്റുള്ളവരുടെ ജീവിതത്തെ നിലനിർത്തുന്നതാകണം. ഞാൻ മറ്റുള്ളവരെ നിലനിർത്തണം' - അദ്ദേഹം കൂട്ടിച്ചേർത്തു.
85 നഗരങ്ങളിൽനിന്നും 39 അമേരിക്കൻ സംസ്ഥാനങ്ങളിൽനിന്നുമായി 6,000ത്തിലധികം പേർ പരിപാടിയിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. വിവിധ തലമുറകളിലും മതങ്ങളിലും സംസ്കാരങ്ങളിലും തൊഴിൽ മേഖലകളിലും നിന്നുള്ളവർ സംഗമത്തിൽ പങ്കെടുത്തു.
'ഏകത്വത്തിൽ ഒന്നിച്ച്, വൈവിധ്യത്താൽ അലങ്കരിക്കപ്പെട്ട്' എന്ന ആശയത്തോടെയാണ് ഗവത് പ്രസംഗം അവസാനിപ്പിച്ചത്. 'വൈവിധ്യം സ്വാഭാവികമാണ്; ഏകത്വമാണ് സത്യം' എന്നും അദ്ദേഹം പറഞ്ഞു.