
ന്യൂയോർക്ക്: വ്യക്തിഗത സമ്പത്തിനും ഭൗതിക വിജയത്തിനും അപ്പുറം ചിന്തിക്കണമെന്നും ജീവിതത്തിന്റെ യഥാർഥ അളവുകോൽ സമൂഹത്തിന് നാം എത്രമാത്രം തിരികെ നൽകുന്നു എന്നതാണെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ന്യൂയോർക്കിലെ ഗാർഡനിൽ നടന്ന യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിയർ എന്നത് പണവും ഭൗതിക സുഖവും മാത്രം നേടാനുള്ള മാർഗമാണോയെന്നും അദ്ദേഹം ചോദിച്ചു. പണവും ഭൗതിക നേട്ടങ്ങളും ഇന്ത്യൻ പാരമ്പര്യം തള്ളിക്കളയുന്നില്ലെന്നും എന്നാൽ അവ ജീവിതത്തിന്റെ ഏക ലക്ഷ്യമല്ലെന്നും ഭാഗവത് വ്യക്തമാക്കി. ഉപനിഷത്തുകളും ഭൗതിക പുരോഗതി കൈവരിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം കഴിവുകളും നേട്ടങ്ങളും പൂർണമായും സ്വന്തം പരിശ്രമത്തിന്റെ ഫലമാണെന്ന് ഒരാൾക്ക് അവകാശപ്പെടാനാകില്ലെന്നും ഭാഗവത് ചൂണ്ടിക്കാട്ടി. മാതാപിതാക്കൾ മുതൽ കർഷകർ, തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ നിരവധി പേരുടെ സംഭാവനകളാണ് ഓരോ വ്യക്തിയുടെയും ജീവിതത്തെ പിന്തുണയ്ക്കുന്നത്.
'നാം എല്ലാം മറ്റാരുടെയെങ്കിലും സംഭാവനയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ലോകത്തിൽ നിന്ന് നാം സ്വീകരിക്കുന്നു. അതിനാൽ തിരിച്ചുനൽകുകയും വേണം' - അദ്ദേഹം ചൂണ്ടിക്കാട്ടി.
വസ്ത്രവും ഭക്ഷണവും ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകുന്നതിന് പിന്നിൽ കർഷകരുടെയും തൊഴിലാളികളുടെയും അധ്വാനമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കർഷകർ കൃഷി നിർത്തിയാൽ ഭക്ഷണത്തിനായി എന്ത് ചെയ്യുമെന്നും ഭഗവത് ചോദിച്ചു.
ഭൗതിക സുഖങ്ങളുടെ പിന്നാലെയുള്ള നിരന്തരമായ ഓട്ടം ശാശ്വതമായ സംതൃപ്തി നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിലെ ഡോണട്ടിനെ ഉദാഹരണമാക്കി ഭൗതിക ആനന്ദത്തിന്റെ താൽക്കാലിക സ്വഭാവം വിശദീകരിച്ച ഭാഗവത്, മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം സമൂഹത്തിന്റെയും പ്രകൃതിയുടെയും ക്ഷേമം കൂടി പരിഗണിക്കണമെന്ന് ആഹ്വാനം ചെയ്തു.
'നാം പരസ്പരം കരുതണം. എന്റെ ജീവിതം മറ്റുള്ളവരുടെ ജീവിതത്തെ നിലനിർത്തുന്നതാകണം. ഞാൻ മറ്റുള്ളവരെ നിലനിർത്തണം. വെറുതെ ജീവിക്കുകയല്ല, മറ്റുള്ളവരെയും ജീവിക്കാൻ സഹായിക്കുകയാണ് വേണ്ടത്' - ഭഗവത് കൂട്ടിച്ചേർത്തു.