
സംസ്ഥാനത്തെ ദളിത് ക്രൈസ്തവരുടെ സംവരണ വിഷയം സർക്കാർ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇക്കാര്യത്തിൽ നിയമവശങ്ങളൊക്കെ പരിശോധിച്ച് പഠനം നടത്തും. നിലവിൽ ഈ വിഭാഗത്തിനു ദളിതരുടെ സംവരണവും കിട്ടുന്നില്ല, ക്രൈസ്തവരുടെ പ്രിവിലേജും ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ കൃത്യമായ പഠനം നടത്തുമെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ വ്യക്തമാക്കി.
ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ (CSDS) ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച 163-ാമത് മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദളിത് ക്രൈസ്തവ സംവരണവുമായി ബന്ധപ്പെട്ട നിയമവശങ്ങൾ സർക്കാർ ഗൗരവമായി പരിശോധിച്ച് ആവശ്യമായ പഠനങ്ങൾ നടത്തും. പൊതുസർവീസിൽ പിന്നാക്ക-മേഖലകളിലെ ജനങ്ങൾക്ക് മതിയായ പ്രാതിനിധ്യമില്ലെങ്കിൽ അത് കണ്ടെത്താൻ ഓരോ മൂന്ന് വർഷത്തിലും പി.എസ്.സി നിയമനങ്ങൾ പരിശോധിക്കുമെന്നും പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
മുൻപ് ഉമ്മൻചാണ്ടി സർക്കാർ സി.ഡി.എസിന് പ്രഖ്യാപിച്ച കോളേജ് യാഥാർത്ഥ്യമാക്കുമെന്നും ദളിത് ക്രൈസ്തവരെ സർക്കാർ ചേർത്തുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.