
കാഠ്മണ്ഡു: നേപ്പാളിലെ റാസുവ ഭോട്ടെ കോശി മിന്നൽപ്രളയം സൃഷ്ടിച്ച ദുരന്തത്തിന്റെ വ്യാപ്തി ഓരോ ദിവസവും കൂടുകയാണ്. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ പുനർനിർമാണത്തിനും പുനരധിവാസത്തിനുമായി കോടിക്കണക്കിന് ഡോളർ വേണ്ടിവരുമെന്ന് നേപ്പാൾ വിദേശകാര്യമന്ത്രി ശിശിർ ഖനാൽ പറഞ്ഞു. ദുരന്തമേഖലയിൽ നിന്ന് ഇതുവരെ 626 മൃതദേഹങ്ങൾ കണ്ടെത്തിയതായും 2,426-ലേറെ പേരെ കാണാതായതായും നേരത്തെ കണക്കുണ്ടായിരുന്നെങ്കിലും, ശനിയാഴ്ച വൈകിട്ട് നാലുവരെയുള്ള നേപ്പാൾ പൊലീസ് കണക്കിൽ മരണസംഖ്യ 669 ആയി ഉയർന്നു.
രക്ഷാപ്രവർത്തനത്തിനും ജീവനുകൾ രക്ഷിക്കുന്നതിനുമാണ് ഇപ്പോഴത്തെ പ്രധാന പരിഗണനയെന്നും മന്ത്രി വ്യക്തമാക്കി.
ദുരന്തത്തിന്റെ നാശനഷ്ടം വിശദമായി വിലയിരുത്തിയ ശേഷമായിരിക്കും പുനർനിർമാണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയെന്നും ഇതിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടുകയാണെന്നും ഖനാൽ പറഞ്ഞു. വെള്ളത്തിൽ ഏറെനേരം കിടന്ന നിലയിൽ നൂറുകണക്കിന് മൃതദേഹങ്ങളാണ് താഴ്‌വരകളിൽ നിന്ന് കണ്ടെത്തിയത്. ഇവ വേഗത്തിൽ അഴുകുന്നത് തിരിച്ചറിയൽ കൂടുതൽ ബുദ്ധിമുട്ടാക്കുന്നുണ്ട്.
വലിയ തോതിൽ മൃതദേഹങ്ങൾ ദീർഘകാലം സൂക്ഷിക്കാനുള്ള സൗകര്യം നേപ്പാളിലെ ആരോഗ്യ സംവിധാനത്തിന് പരിമിതമാണ്. അതിനാൽ കുടുംബങ്ങൾ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങുന്നതുവരെ മൃതദേഹങ്ങൾ സംരക്ഷിക്കാൻ റഫ്രിജറേറ്ററുകളും ഫ്രീസർ ട്രക്കുകളും എത്തിക്കുന്നതിനുള്ള സഹായം സർക്കാർ തേടുകയാണ്.
മരണപ്പെട്ടവരെ തിരിച്ചറിയുന്നതിലും നേപ്പാൾ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഡി.എൻ.എ സാമ്പിളെടുപ്പ്, പരിശോധന, റിപ്പോർട്ടിങ് എന്നിവയ്ക്കാവശ്യമായ ഫോറൻസിക് സംവിധാനങ്ങൾ രാജ്യത്ത് പരിമിതമാണെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. അടിയന്തര രക്ഷാപ്രവർത്തനത്തിനൊപ്പം മൃതദേഹങ്ങൾ സംരക്ഷിക്കുകയും തിരിച്ചറിയുകയും ചെയ്യേണ്ട സാഹചര്യമാണിപ്പോൾ.
ദുരന്തത്തിൽ ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത് ചിത്വാനിലാണ്; 248 മൃതദേഹങ്ങളാണ് ഇവിടെനിന്ന് ലഭിച്ചത്. നാവൽപരാസി ഈസ്റ്റിൽ 158, നാവൽപരാസി വെസ്റ്റിൽ 75, ഗോർഖയിൽ 54, ധാദിങ്ങിൽ 49, നുവാക്കോട്ടിൽ 41, തനഹുനിൽ 31, റാസുവയിൽ 13 മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് ദിവസം പിന്നിട്ടിട്ടും ആയിരക്കണക്കിന് പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതിനകം തന്നെ സർക്കാർ വിഭവങ്ങൾക്ക് വലിയ സമ്മർദമാണ് നേരിടേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു.