
പയ്യന്നൂർ: പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയത്തിൽ സിപിഐ(എം)യിൽ വിമർശനം കടുക്കുന്നു. വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് രംഗത്തെത്തി. പയ്യന്നൂരിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് കുഞ്ഞികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഗേഷ് രംഗത്തെത്തിയത്.
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പിശകുണ്ടായെന്ന് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചിട്ടുണ്ടെന്നും ജില്ലാ കമ്മിറ്റി നടത്തിയ സ്വയംവിമർശനം കേന്ദ്ര കമ്മിറ്റി ശരിവെച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിൽ യുഡിഎഫ്-ബിജെപി രാഷ്ട്രീയ ധാരണയുണ്ടാക്കിയതുകൊണ്ടാണ് കുഞ്ഞികൃഷ്ണൻ വിജയിച്ചതെന്നും ചിലയിടങ്ങളിൽ പാർട്ടി സ്ഥാനാർഥി നിർണയം പാളിയെന്നും രാഗേഷ് ആരോപിച്ചു.
സിപിഎം ജില്ലാ കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്ന സമയത്ത് ഉമേഷ് ബാബുവിന്റെ വീട്ടിലിരുന്നാണ് കുഞ്ഞികൃഷ്ണൻ പാർട്ടിക്കെതിരെ പുസ്തകമെഴുതിയതെന്നും, എതിരാളികൾക്കായി നാല് വർഷത്തോളം പടക്കോപ്പുകൾ ഒരുക്കിയശേഷം പാർട്ടിയെ ഒറ്റുകൊടുത്ത ‘മിർജാഫർ’ ആണ് കുഞ്ഞികൃഷ്ണനെന്നും രാഗേഷ് കുറ്റപ്പെടുത്തി. മാധ്യമങ്ങൾക്ക് പാർട്ടിയുടെ ആന്തരിക വിവരങ്ങൾ ചോർത്തി നൽകിയ വർഗവഞ്ചകനാണ് കുഞ്ഞികൃഷ്ണനെന്നും വ്യാജപ്രചാരണങ്ങൾക്ക് കോടതിയിൽ മറുപടി പറയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ധനരാജിന്റെ പേരിലുള്ള രക്തസാക്ഷി ഫണ്ടിൽ വെട്ടിപ്പ് നടത്തിയെന്ന ആരോപണവും രാഗേഷ് തള്ളി. ഫണ്ടിൽനിന്ന് ഒരു രൂപ പോലും വെട്ടിച്ചിട്ടില്ലെന്നും കണക്ക് യഥാസമയം അവതരിപ്പിക്കുന്നതിൽ ചില സാങ്കേതിക വീഴ്ചകൾ മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ധനരാജിന്റെ പേര് ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത കുഞ്ഞികൃഷ്ണൻ ഇനി ആ പേര് പറയരുതെന്നും രാഗേഷ് വിമർശിച്ചു. ധനരാജ് രക്തസാക്ഷി ദിനത്തിൽ തന്നെയാണ് എംഎൽഎ ഓഫീസ് ഉദ്ഘാടനം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
ടി.ഐ. മധുസൂദനനെതിരെ വ്യാപക പ്രചാരണം നടന്നപ്പോൾ സ്ഥാനാർഥിയെ മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും രാഗേഷ് വ്യക്തമാക്കി. എന്നാൽ സ്ഥാനാർഥിയെ മാറ്റിയാൽ കുഞ്ഞികൃഷ്ണൻ നടത്തിയ കള്ളപ്രചാരണങ്ങൾ അംഗീകരിക്കുന്നതിന് തുല്യമാകുമെന്ന വിലയിരുത്തലിലാണ് തീരുമാനം മാറ്റാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.