
ഡൽഹി: ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഭരണകൂടം ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുവെന്ന ഗുരുതര ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ മക്കളായ ഖാസിം ഖാനും സുലൈമാൻ ഖാനും രംഗത്ത്. ഏകാന്ത തടവും തുടർച്ചയായ ഒറ്റപ്പെടുത്തലും വഴി ഇമ്രാനെ മാനസികമായി തകർക്കാനാണ് ശ്രമിക്കുന്നതെന്നും അടിസ്ഥാന ചികിത്സ പോലും നിഷേധിക്കുകയാണെന്നും മക്കൾ ആരോപിച്ചു.
ദിവസത്തിൽ 23 മണിക്കൂറും ഇരുട്ടുമുറിയിൽ അടച്ചിട്ടിരിക്കുകയാണെന്നും വായനയോ മക്കളുമായി ഫോണിൽ സംസാരിക്കാനുള്ള അനുമതിയോ നൽകുന്നില്ലെന്നും ഖാസിം ഖാൻ അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. കടുത്ത മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കാരണം അദ്ദേഹത്തിന് നെഞ്ചിടിപ്പുമായി ബന്ധപ്പെട്ടത് അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്. ഇമ്രാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒരു സ്വതന്ത്ര മെഡിക്കൽ സമിതി അന്വേഷണം നടത്തണമെന്നും നിലവിലെ സ്ഥിതി വ്യക്തമാക്കുന്ന കൃത്യമായ തെളിവുകൾ പുറത്തുവിടണമെന്നും ഖാസിം ഖാൻ ആവശ്യപ്പെട്ടു.