Image

അഴിമതിയിൽ മുങ്ങിയ സർക്കാരിന് വിദ്യാഭ്യാസത്തോട് താല്പര്യമില്ല; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി

Published on 29 August, 2026
അഴിമതിയിൽ മുങ്ങിയ സർക്കാരിന് വിദ്യാഭ്യാസത്തോട് താല്പര്യമില്ല; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി. നിലവിലെ സർക്കാർ അഴിമതികളിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും വിദ്യാഭ്യാസം അവരുടെ മുൻഗണനാ വിഷയമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നതും ഉന്നത വിദ്യാഭ്യാസ രംഗത്തെ വാണിജ്യവൽക്കരിക്കുന്നതും രാജ്യത്തിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

​’ഈ സർക്കാർ അഴിമതിയിൽ മുങ്ങിനിൽക്കുകയാണ്. ഇങ്ങനെയൊരു സർക്കാരിന് ചോദ്യപ്പേപ്പർ ചോർച്ച അടക്കമുള്ള പ്രതിസന്ധികളെ എങ്ങനെയാണ് അഭിമുഖീകരിക്കാനാകുക?’ അദ്ദേഹം ചോദിച്ചു. ‘എല്ലാ മേഖലകളിലും കൈക്കൂലിയിലൂടെ നിയമനം ലഭിച്ച അധ്യാപകരെ കണ്ടുവളരുന്ന കുട്ടികളുടെ അവസ്ഥ എന്തായിരിക്കും? അവരെങ്ങനെ നേരായ വഴിയിലൂടെ സഞ്ചരിക്കും?’ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അടൽ ബിഹാർ വാജ്പേയിയുടെ ഭരണകാലത്ത് ഇത്തരം പരീക്ഷാ പേപ്പർ ചോർച്ചകൾ ഇല്ലാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

​റോഡുകൾക്കും കെട്ടിടങ്ങൾക്കും വേണ്ടി കോടിക്കണക്കിന് രൂപ ചെലവാക്കുമ്പോൾ, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും എന്തിനാണ് കുറഞ്ഞ തുക വകയിരുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. ‘ബജറ്റ് വിഹിതം ചുരുങ്ങിക്കൊണ്ടേയിരിക്കുകയാണ്. വികസിത് ഭാരത് എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് മനസ്സിലാകുന്നില്ല. അടിസ്ഥാന വികസനമെന്നാൽ റോഡ് പണിയൽ മാത്രമല്ല, ആ റോഡുണ്ടാക്കാൻ കഴിവുള്ള എഞ്ചിനീയർമാരെ വാർത്തെടുക്കാനുള്ള സ്ഥാപനങ്ങളും വേണം,’ മുരളി മനോഹർ ജോഷി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക