
മുട്ടം(ഇടുക്കി): അനന്തരവകാശികളില്ലാത്ത വിധവയുടെ സ്വത്ത് തട്ടിയെടുക്കുന്നതിന് അവരെ കൊല്ലാന്‍ ക്വട്ടേഷന്‍ എടുത്തകേസില്‍ രണ്ട് പ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവും 40,000 രൂപ പിഴയും. ബന്ധുവായ സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇടുക്കി വെള്ളത്തൂവല്‍ പൈപ്പുലൈന്‍ ഭാഗത്ത് തോട്ടുങ്കല്‍ ആലീസിനെ 50,000 രൂപ ക്വട്ടേഷന്‍ ഉറപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചകേസിലാണ് വിധി.
രണ്ടാംപ്രതി കൊന്നത്തടി ഒഴുകയില്‍ ഷെയ്സ് (44), മൂന്നാംപ്രതി മന്നാംകണ്ടം മുനിത്തണ്ട് പ്ലാച്ചേരി ജയേഷ് (ചന്തു-38) എന്നിവരെയാണ് ഇടുക്കി മൂന്നാം അഡീഷണല്‍ ജഡ്ജ് എസ്.എസ്. സീന ശിക്ഷിച്ചത്. പിഴത്തുകയില്‍ 25,000 രൂപ ആലീസിന് കൊടുക്കാനും കോടതി ഉത്തരവായി.
ആലീസിന്റെ ഭര്‍ത്തൃസഹോദരിയും ഒന്നാംപ്രതിയുമായ മേരി(45)യേയും നാലാംപ്രതി ജയേഷിനേയും ഇനിയും പിടികൂടാനായിട്ടില്ല. ഇവര്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍പോകുകയായിരുന്നു.
2013 ഏപ്രില്‍ 24-ന് പുലര്‍ച്ചെ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. വീട്ടില്‍കയറി കമ്പിവടികൊണ്ട് അടിച്ചുകൊല്ലാനാണ് ലക്ഷ്യമിട്ടത്. മര്‍ദിക്കുന്നതിനിടെ ആലീസ് ബഹളം വെച്ചതോടെ ഇത് പാളി. ആലീസിന്റെ ഭര്‍ത്താവ് നേരത്തേ മരിച്ചതാണ്. മക്കളില്ലായിരുന്നു. മേരി ഹോംനഴ്സാണ്.
ആലീസിന് കുടുംബവിഹിതമായി മൂന്നേക്കറിലേറെ സ്ഥലം ഉണ്ടായിരുന്നു. അതില്‍നിന്ന് മേരി വിഹിതം ആവശ്യപ്പെട്ടു. 15 സെന്റ് മേരിക്ക് നല്‍കി.
എന്നാല്‍, അതില്‍ തൃപ്തിപ്പെടാതെ ആലീസിനെ കൊന്ന് മുഴുവന്‍ ഭൂമിയും തട്ടിയെടുക്കാനായി മേരിയാണ് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. 50,000 രൂപ മേരി വാഗ്ദാനം ചെയ്തു. 6000 രൂപ മുന്‍കൂട്ടി നല്‍കി. ബാക്കി കൃത്യത്തിനുശേഷം നല്‍കാമെന്നായിരുന്നു ധാരണ.
ശ്രമം പൊളിഞ്ഞതോടെ നാലുപേരും പോലീസിന്റെ പിടിയിലായി. അടിമാലി എസ്.എച്ച്.ഒ. കെ. ജിനദേവനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോണി അലക്സ് കോടതിയില്‍ ഹാജരായി.