
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതില്‍ നിയമപരമായ തടസമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പേരറിവാളന്റെ എന്റോള്‍മെന്റ് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എം.പി. ആര്‍. സുധ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മദ്രാസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്രം പേരറിവാളന് അനുകൂല നിലപാട് സ്വീകരിച്ചത്.
വധശിക്ഷയോജീവപര്യന്തമോ ശിക്ഷ ലഭിച്ച വ്യക്തിക്ക് അഭിഭാഷകനായി എന്റോള്‍ ചെയ്യാന്‍ അഭിഭാഷക ആക്ട് പ്രകാരം കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുധ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അഡ്വക്കേറ്റ്‌സ് ആക്ട് പ്രകാരമുള്ള അയോഗ്യത, ഒരാള്‍ ജയില്‍ മോചിതനായി രണ്ട് വര്‍ഷം കഴിഞ്ഞാല്‍ അവസാനിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിയമ വകുപ്പ് ഈ നിലപാട് കോടതിയില്‍ അറിയിച്ചത്.
രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പേരറിവാളന്‍ മുപ്പത് കൊല്ലത്തിലധികം ജയിലില്‍ കഴിഞ്ഞ ശേഷം 2022 മേയ് 18-നാണ് മോചിതനായത്. തുടര്‍ന്ന് കര്‍ണാടകയിലെ സ്വകാര്യ നിയമ കോളേജില്‍ ചേരുകയും പഠനം പൂര്‍ത്തിയാക്കുകയുമായിരുന്നു. ഏപ്രിലിലാണ് പേരറിവാളന്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തത്.