
ചേര്‍ത്തല: തിരഞ്ഞെടുപ്പു ജോലിക്കിടയില്‍ പറ്റിയ അപകടത്തില്‍ മരണമുഖത്തുനിന്നു തലനാരിഴയിടയ്ക്കു രക്ഷപ്പെട്ട ജീവനക്കാരിക്കുനേരേ റവന്യൂവകുപ്പിന്റെ ക്രൂരത. വലതുകൈ വേര്‍പെട്ട് ആന്തരിക അവയവങ്ങള്‍ക്കടക്കം പരിക്കേറ്റ പട്ടണക്കാട് വില്ലേജ് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സ്മിതാ ചന്ദ്രനെ ചേര്‍ത്തലയില്‍നിന്ന് പാലക്കാട്ടേക്കാണു സ്ഥലംമാറ്റിയത്.
പട്ടിക ഇറങ്ങുന്നതിന്റെ അവസാനനിമിഷംവരെ സ്മിതയും കുടുംബവും ദയനീയാവസ്ഥ അറിയിച്ചിട്ടും അധികൃതര്‍ കണ്ണുതുറന്നില്ല. 11-നു ജോലിയില്‍ കയറണമെന്നാണ് ഉത്തരവ്. അപകടത്തില്‍ അറ്റുപോയ വലതുകൈ തുന്നിച്ചേര്‍ക്കാനടക്കം അഞ്ചുമാസത്തിനിടെ 17 ശസ്ത്രക്രിയകളാണു കഴിഞ്ഞത്. 31-ന് അടുത്ത ശസ്ത്രക്രിയയാണ്. സ്മിതയെ ചേര്‍ത്തല താലൂക്കില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് ആലപ്പുഴ കളക്ടര്‍ റിപ്പോര്‍ട്ടു കൊടുത്തിട്ടും ലാന്‍ഡ്റവന്യൂ കമ്മിഷണര്‍ ഓഫീസില്‍നിന്നു പ്രതികരണമുണ്ടായില്ല.
ചേര്‍ത്തല മരുത്തോര്‍വട്ടം അഭിരാമത്തില്‍ സ്മിതാ ചന്ദ്രന്‍ (43) നിയമസഭാ തിരഞ്ഞെടുപ്പു പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ മാര്‍ച്ച് 11-ന് ഭര്‍ത്താവുമായി സ്‌കൂട്ടറില്‍ പോകുംവഴി ളവനാട് കവലയില്‍ ഗ്യാസ് ടാങ്കര്‍ ലോറി തട്ടിയാണ് അപകടം സംഭവിച്ചത്.
തെറിച്ചുവീണ് ടാങ്കറിനടിയില്‍പ്പെട്ട് പിന്‍ചക്രം ശരീരത്തിലൂടെ കയറി. ചുമലില്‍നിന്ന് കൈ വേര്‍പെട്ടതിനൊപ്പം എട്ടു വാരിയെല്ലുകളൊടിഞ്ഞ് ശ്വാസകോശത്തില്‍ തുളച്ചുകയറുകയും ചെയ്തു. മറ്റൊടിവുകള്‍ വേറേയും.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണു ചികിത്സ. 20 ലക്ഷത്തോളം രൂപ ചെലവായി. ചികിത്സതേടിയ ആശുപത്രി മെഡിസെപ്പ് പട്ടികയില്‍ ഇല്ലാത്തതിനാല്‍ ഇന്‍ഷുറന്‍സ് തുകയും കിട്ടിയില്ല.
ആറുമാസം ഡിസെബിലിറ്റി അവധിയിലാണു സ്മിത. ഇത് ആറുമാസത്തേക്കു കൂടി നീട്ടേണ്ട അവസ്ഥയിലുമാണ്. ഈ സാഹചര്യത്തിലാണ് വില്ലേജ് ഓഫീസറായി സ്ഥാനക്കയറ്റം നല്‍കിയുള്ള സ്ഥലംമാറ്റം.
ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ അതതു സ്ഥലത്തുനിലനിര്‍ത്താന്‍ 'അനുകമ്പാ'ച്ചട്ടം ഉള്ളപ്പോഴാണ് ഈ നടപടി. നിലവിലെ പട്ടികയില്‍ കൊല്ലം ജില്ലയില്‍ 'അനുകമ്പാ'നടപടി ഉണ്ടായിട്ടുമുണ്ട്.
കട്ടിലില്‍നിന്ന് എണീക്കാന്‍ പറ്റാത്ത നിലയിലാണെന്നുകാട്ടി രേഖകള്‍ സഹിതം റവന്യൂ കമ്മിഷണറേറ്റില്‍ അപേക്ഷ നല്‍കിയിരുന്നു. തിരഞ്ഞെടുപ്പുജോലിക്കിടെയാണ് അപകടമെന്ന് കളക്ടര്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു
ലോക്കല്‍ഫണ്ട് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥനായ പി.ടി. രാജേഷാണ് ഭര്‍ത്താവ്. കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ജില്ല പ്രസിഡന്റാണു രാജേഷ്.
വിദ്യാര്‍ഥികളായ രണ്ടു പെണ്‍മക്കളുണ്ട്. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞയാളാണ് രാജേഷ്. ഇതും ചട്ടപ്രകാരം സ്മിതയെ ജില്ലയില്‍ നിലനിര്‍ത്താന്‍ മതിയായ കാരണമാണ്. പക്ഷേ, അതും പരിഗണിച്ചില്ല.