Image

കുറുപ്പ് വിഷയത്തില്‍ ഇന്റര്‍പോള്‍ സഹായം വേണ്ടെന്ന് ക്രൈംബ്രാഞ്ച്

Published on 29 August, 2026
 കുറുപ്പ് വിഷയത്തില്‍ ഇന്റര്‍പോള്‍ സഹായം വേണ്ടെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെ കണ്ടെത്തിയെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തള്ളിപോലീസ്. പ്രചരിക്കുന്ന വിവരങ്ങളില്‍ വ്യക്തത വന്ന സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ബ്രൂണെയില്‍ കണ്ടെത്തിയത് സുകുമാര കുറുപ്പിനെയല്ലെന്നും തൃശൂര്‍ സ്വദേശിയാണെന്നും പോലീസ് സ്ഥിരീകരിച്ചു.

വ്യാജ പ്രചാരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കുറുപ്പിനെ കണ്ടെത്തിയെന്ന പ്രചാരണം പുറത്തുവന്നതിനു പിന്നാലെ ഇന്റര്‍പോളിനെ സമീപിക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ അന്തര്‍ദേശീയ ഏജന്‍സിയുടെ സഹായം തേടേണ്ടതില്ലെന്നാണ് ക്രൈംബ്രാഞ്ച് ഉന്നതവൃത്തങ്ങളുടെ വിലയിരുത്തല്‍.

സൈബര്‍ ഹാക്കറുടെ സഹായത്തോടെ ഇത്തരമൊരു പ്രചാരണം ഉണ്ടാകാമെന്ന മുന്നറിയിപ്പ് സ്‌പെഷ്യല്‍ ബ്രാഞ്ച് നേരത്തെ നല്‍കിയിരുന്നതായും പോലീസ് പറയുന്നു. അതിനാലാണ് തുടക്കം മുതല്‍ വിഷയത്തില്‍ അമിതാവേശം കാണിക്കാതിരുന്നതെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

42 വര്‍ഷമായി പോലീസ് തെരയുന്ന പിടികിട്ടാപ്പുള്ളിയാണ് സുകുമാര കുറുപ്പ്. ഇന്റര്‍പോളിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും കുറുപ്പ് ഇപ്പോഴും ഉള്‍പ്പെട്ടിട്ടുണ്ട്. രോഗബാധിതനായിരുന്ന കുറുപ്പ് മരിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ പോലീസ് നടത്തുന്നതിനിടെയാണ് ബ്രൂണെയില്‍ കുറുപ്പിനെ കണ്ടെത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്.

ബ്രൂണെയില്‍ കണ്ടെത്തിയത് കുറുപ്പല്ലെന്ന് സ്ഥിരീകരിച്ചതോടെ വ്യാജ പ്രചാരണത്തിന്റെ ഉറവിടത്തിലേക്കാണ് ക്രൈംബ്രാഞ്ച് നീങ്ങുന്നത്. മുന്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്‌ഐയും കൊച്ചിയിലെ ഒരു സൈബര്‍ വിദഗ്ധനും വെളിപ്പെടുത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

സുകുമാര കുറുപ്പിനെക്കുറിച്ചുള്ള അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കുറുപ്പിനെ കണ്ടെത്തിയെന്ന പേരില്‍ നടന്ന വ്യാജ പ്രചാരണത്തിന്റെ ഉദ്ദേശ്യവും ഇതോടൊപ്പം അന്വേഷിച്ച് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക