
ദിസ്പൂര്‍: ആസമിലെ നാഗോണില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടയില്‍ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. നാഗോണ്‍ മെഡിക്കല്‍ കോളജിലെ ഡോ. ഷാഹിന്‍ അഹമ്മദ് (50) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു.
വ്യായാമം ചെയ്യുന്നതിനിടയില്‍ ഡോക്ടര്‍ പെട്ടെന്ന് കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങള്‍ ജിമ്മിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഉടന്‍തന്നെ കൂടെയുണ്ടായിരുന്നവര്‍ സഹായിക്കാനും വെള്ളം നല്‍കാനും ശ്രമിച്ചെങ്കിലും അദ്ദേഹം സംഭവസ്ഥലത്തുവച്ച് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുവാഹത്തി സ്വദേശിയായ ഷാഹിന്‍ അഹമ്മദ് ഏകദേശം ഒരു വര്‍ഷം മുമ്പാണ് നാഗോണ്‍ മെഡിക്കല്‍ കോളജില്‍ ജോലിയില്‍ പ്രവേശിച്ചത്.