
തിരുവനന്തപുരം: മിന്നല്‍ പ്രളയത്തെത്തുടര്‍ന്നു നേപ്പാളില്‍ കുടുങ്ങിയെന്ന് സംശയിക്കുന്ന 82 പേരില്‍ 60 പേരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചതായി നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.
എട്ടു പേരെ കാണാനില്ല. ഇതില്‍ ഓരോരുത്തര്‍ വീതം കൊല്ലം, കണ്ണൂര്‍, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. നാലുപേര്‍ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള മലയാളികളും ഒരാള്‍ യുഎസില്‍ സ്ഥിരതാമസമാക്കിയ മലയാളി സ്ത്രീയുമാണെന്നാണ് വിവരം. എന്നാല്‍, കാണാതായവരുടെ വ്യക്തിപരമായ വിവരം നോര്‍ക്ക പുറത്തുവിട്ടില്ല.
കൈലാസ് മാനസസരോവര്‍ യാത്രയ്ക്കായി പോയ 19 കേരളീയരടങ്ങുന്ന 23 അംഗ ഇന്ത്യന്‍ സംഘം ടിബറ്റിലെ ദാര്‍ച്ചനില്‍ നിന്ന് സാഗയിലേക്ക് യാത്ര തുടരുകയാണ്. വൈകുന്നേരത്തോടെ സംഘം സാഗയില്‍ എത്തിച്ചേര്‍ന്നു. ഇന്നു രാവിലെ സാഗയില്‍ നിന്ന് കൊദാരിനയാലം ബോര്‍ഡര്‍ ക്രോസിംഗ് വഴി നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് യാത്രതിരിക്കും. തുടര്‍ന്ന് 31ന് കാഠ്മണ്ഡുവില്‍ നിന്ന് വിമാനമാര്‍ഗം ഇവര്‍ നാട്ടിലേക്കു മടങ്ങുമെന്നാണ് വിവരം.
മറ്റ് കേരളീയരില്‍ ചിലര്‍ നേപ്പാളില്‍നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്ത് പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ എത്തിയതായി കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ചിലര്‍ മൗണ്ട് എവറസ്റ്റ് പ്രദേശത്ത് സുരക്ഷിത രാണ്.