Image

'ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു, ദീപ്തി കല്യാണി തന്റെ കുടുംബത്തെ ഉള്‍പ്പെടെ പറഞ്ഞു': ഹെലന്‍ ഓഫ് സ്പാര്‍ട്ട

Published on 29 August, 2026
 'ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു, ദീപ്തി കല്യാണി തന്റെ കുടുംബത്തെ ഉള്‍പ്പെടെ പറഞ്ഞു': ഹെലന്‍ ഓഫ് സ്പാര്‍ട്ട

 

തൃശൂര്‍: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട. ദീപ്തിയെ പോലുള്ളവര്‍ പുതിയ തലമുറയെ വഴിതെറ്റിക്കുന്നു എന്നാണ് പറഞ്ഞത്. ഉന്നയിച്ച ആരോപണത്തില്‍ തെളിവുകളുണ്ടെന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന എസ് ആര്‍ ധന്യ പറഞ്ഞു.

കുടുംബത്തെ ഉള്‍പ്പടെ പറഞ്ഞതുകൊണ്ടാണ് മോശമായ രീതിയില്‍ വീഡിയോ ചെയ്തത്. സൈബര്‍ അധിക്ഷേപത്തില്‍ താന്‍ നല്‍കിയ ഏഴ് പരാതികളില്‍ പൊലീസ് നടപടി ഉണ്ടായില്ല. പൊലീസ് നടപടി ഇല്ലാത്തതുകൊണ്ടാണ് വീഡിയോയിലൂടെ മറുപടി നല്‍കുന്നതെന്നുമാണ് ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ വിശദീകരണം.

ദീപ്തി കല്യാണിയെയും സുഹൃത്തിനെയും അധിക്ഷേപിച്ച് ഹെലന്‍ ഓഫ് സ്പാര്‍ട്ട സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് പരാതിക്ക് കാരണമായത്. തുടര്‍ന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ദീപ്തി പരാതി നല്‍കുകയായിരുന്നു. തൃശൂര്‍ സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ മദ്യപിച്ച് വാഹനം ഓടിച്ചതിന് ഹെലന്‍ ഓഫ് സ്പാര്‍ട്ടക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാകും വിധം വാഹനവുമായി കടന്നുകളഞ്ഞെന്നായിരുന്നു എഫ്‌ഐആറില്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ വിശദീകരണവുമായി ഹെലന്‍ ഓഫ് സ്പാര്‍ട്ട രംഗത്തെത്തുകയും ചെയ്തിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക