
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ച് നിർത്തി, പിന്നാലെ മോശം വാക്കുകൾ പറഞ്ഞെന്ന ആരോപണത്തിൽ ഡിസിസി അംഗം ചേന്തി അനിൽ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസ്. ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാതെ ചെമ്പഴന്തിയിലെ പരിപാടിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതെന്നാണ് ആരോപണം.
പ്രവർത്തകർ കൈകാണിച്ചതിനെ തുടർന്ന് ചേന്തിയിൽ ഇറങ്ങിയ മുഖ്യമന്ത്രി വി.ഡി. സതീശൻ പരിപാടി ഉദ്ഘാടനം ചെയ്യാതെ മടങ്ങുന്നതിനിടെയാണ് മോശം പെരുമാറ്റമുണ്ടായതെന്നാണ് പരാതി.
മുഖ്യമന്ത്രിക്കെതിരെ ചേന്തി അനിലിന്റെ നേതൃത്വത്തിൽ മോശം വാക്കുകൾ പറഞ്ഞതായും തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അനിലിനെയും സംഘത്തെയും തള്ളിമാറ്റിയതായും പറയുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ പട്ടികയിൽ ചേന്തിയിലെ പരിപാടി ഉണ്ടായിരുന്നില്ല. സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്ഐയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാത്തതിനെ തുടർന്ന് പൊതുസമ്മേളനം ഉപേക്ഷിച്ച് സംഘാടകർ പ്രതിഷേധിക്കുകയും ചെയ്തു.