Image

ധനസഹായം മാത്രം മതി; ഇന്ത്യയിൽ നിന്നുൾപ്പെടെ രക്ഷാപ്രവര്‍ത്തകര്‍ വരേണ്ടെന്ന് നേപ്പാള്‍

Published on 28 August, 2026
ധനസഹായം മാത്രം മതി; ഇന്ത്യയിൽ നിന്നുൾപ്പെടെ  രക്ഷാപ്രവര്‍ത്തകര്‍ വരേണ്ടെന്ന് നേപ്പാള്‍

മിന്നല്‍ പ്രളയത്തില്‍ വിവിധ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച രക്ഷാപ്രവര്‍ത്തന സഹായം നിരസിച്ച് നേപ്പാള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ തങ്ങളുടെ ആഭ്യന്തര സുരക്ഷാ ഏജന്‍സികള്‍ക്ക് ശേഷിയുണ്ടെന്ന് ബാലന്‍ ഷായുടെ നേതൃത്വത്തിലുള്ള നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം ദുരന്തം തകര്‍ത്തെറിഞ്ഞ രാജ്യത്തെ പുനരുജ്ജീവിപ്പിക്കാന്‍ സാമ്പത്തിക സഹായം ആവശ്യമാണ് എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ബുധനാഴ്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍ നേപ്പാളില്‍ കുറഞ്ഞത് 472 പേര്‍ മരിക്കുകയും 1,500-ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ ചെളിയിലും അവശിഷ്ടങ്ങള്‍ക്കിടയിലും തിരച്ചില്‍ തുടരുമ്പോള്‍, പുതുതായി രൂപപ്പെട്ട തടസ്സങ്ങള്‍ മൂലമുള്ള തടാകങ്ങള്‍ കൂടുതല്‍ വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തുന്നു. ഇതിനിടെയാണ് സഹായവാഗ്ദാനം നേപ്പാള്‍ നിരസിച്ചത്.

'സഹായത്തിനുള്ള വാഗ്ദാനം സ്വാഭാവികമാണ്. ഞങ്ങളുടെ സുരക്ഷാ ഏജന്‍സികള്‍ തന്നെയാണ് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്തുന്നത്. തല്‍ക്കാലം അത്തരം സഹായം ഞങ്ങള്‍ക്ക് ആവശ്യമില്ല,' നേപ്പാള്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ലോക് ബഹാദൂര്‍ ഛേത്രി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 

സ്വന്തം സുരക്ഷാ ഏജൻസികൾക്ക് രക്ഷാപ്രവർത്തനം വിജയകരമായി ഏകോപിപ്പിക്കാൻ കഴിയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ തങ്ങളുടെ സംഘങ്ങളെ അയക്കാന്‍ ഇന്ത്യ, ചൈന, യുഎസ്, യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ സൈന്യത്തെയും പൊലീസിനെയും മറ്റ് ആഭ്യന്തര ഏജന്‍സികളെയും ആശ്രയിക്കാനാണ് നേപ്പാള്‍ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

നേരത്തെ, പ്രളയബാധിതമായ നേപ്പാളിലേക്ക് വ്യോമസേനയുടെ രണ്ട് വിമാനങ്ങളിലായി 47.5 ടണ്‍ അടിയന്തര സഹായസാമഗ്രികള്‍ ഇന്ത്യ അയച്ചിരുന്നു. 'നേപ്പാള്‍ ആവശ്യപ്പെട്ട കാര്യങ്ങളിലെല്ലാം ഞങ്ങള്‍ നടപടി സ്വീകരിക്കുന്നുണ്ട്,' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക