
യേശു ക്രിസ്തുവിനെ സംസ്കരിച്ചു എന്നു കരുതാവുന്ന സ്ഥലം തിരിച്ചറിഞ്ഞതായി വർഷങ്ങൾ നീണ്ട അന്വേഷണത്തിനു ശേഷം ഇറ്റാലിയൻ പുരാവസ്തു ഗവേഷകർ അവകാശപ്പെട്ടു. ബൈബിളിൽ പറയുന്ന ഇടവുമായി ഇതിനു ഏറെ പൊരുത്തമുണ്ടെന്നു അവർ പറയുന്നു.
എന്നാൽ ഇതൊരു പ്രാഥമിക നിഗമനമാണെന്നു 'ലിബെർ ആനസ്' എന്ന പുരാവസ്തു മാസികയിൽ അവർ എഴുതി. യൂണിവേഴ്സിറ്റി ഓഫ് റോമിലെ മുഖ്യ പുരാവസ്തു ഗവേഷകൻ ഫ്രാന്സെസ്ക റൊമാന സ്റ്റസൊയ പറഞ്ഞു: "സംസ്കാരം നടന്നതു പോലുള്ള ഒരിടം ഞങ്ങൾ കണ്ടെത്തി."
നാലാം നൂറ്റാണ്ടിൽ നിർമിച്ച ജെറുസലേമിലെ ഹോളി സെപുൽച്ചർ പള്ളിയിൽ ഗവേഷകർ ദീർഘകാലമായി അന്വേഷണത്തിൽ ആയിരുന്നു. യേശുവിനെ കുരിശിൽ തറച്ച ഗാഗുൽത്തായും അദ്ദേഹം ഉയിർത്തെണീറ്റ ശേഷം ശൂന്യമായ ഖബറിടവും സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പള്ളി പണിതത്.
2025ൽ ഗവേഷണത്തിന്റെ അന്ത്യ ഘട്ടത്തിൽ അവർ പള്ളിക്കടിയിൽ ഒഴിഞ്ഞു കിടന്ന ഒരു ക്വാറി കണ്ടെത്തി. ചില കൃഷികളും പാറക്കല്ലിൽ നിർമിച്ച കല്ലറകളും കണ്ടു. യോഹന്നാന്റെ പുസ്തകത്തിൽ എഴുതിയത് ഇങ്ങിനെ: "യേശുവിനെ ക്രൂശിച്ച ഇടത്തു ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. അവിടെ ആരെയും മുൻപ് സംസ്കരിക്കാത്ത കല്ലറയും."
യോഹന്നാൻ 19:20 പറയുന്നത് യേശുവിനെ കുരിശിൽ തറച്ചത് ജെറുസലേമിനു സമീപമാണ് എന്നാണ്. ഹീബ്രു 13:12ൽ പറയുന്നത് അത് സിറ്റി ഗേറ്റിനു പുറത്തായിരുന്നു എന്നും. ആ സ്ഥലത്താണ് ക്വാറി ഉണ്ടായിരുന്നതെന്നു നിഗമനമുണ്ട്.
ക്വാറിയുടെ ചില ഭാഗങ്ങൾക്കു 20 അടി വരെ ആഴമുണ്ട്. അവ അഴുക്കു കൊണ്ടു നിറഞ്ഞു കിടക്കുന്നു. ആട്ടിടയന്മാർ ഈ സ്ഥലം ഉപയോഗിച്ചിരുന്നു എന്നാണ് നിഗമനം.
ഒലിവു മരങ്ങളും മുന്തിരി വള്ളികളും ഈ ഭാഗത്തു കണ്ടെത്തി. കൃഷി ഉണ്ടായിരുന്നു എന്നതിന്റെ കൂടുതൽ തെളിവായി അത്.
കല്ലിൽ നേരിട്ടു കൊത്തി എടുത്ത കല്ലറകൾ ഈ സ്ഥലം സംസ്കാരത്തിന് ഉപയോഗിച്ചിരുന്നു എന്നതിന്റെ തെളിവായി. യേശുവിന്റെ സംസ്കാരത്തെ കുറിച്ച് മത്തായി, മർക്കോസ്, ലൂക്കോസ് എന്നിവർ എഴുതിയ വിവരങ്ങൾ അങ്ങിനെ തന്നെയാണ്.
Italian researchers claim finding Jesus burial place