Image

മോഹൻ ഭഗവതിനെതിരെ പ്രതിഷേധ പ്രകടനം പ്രഖ്യാപിച്ചു കൂട്ടായ്മ (പിപിഎം)

Published on 28 August, 2026
മോഹൻ ഭഗവതിനെതിരെ പ്രതിഷേധ പ്രകടനം പ്രഖ്യാപിച്ചു കൂട്ടായ്മ (പിപിഎം)

രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ എസ് എസ്) നേതാവ് മോഹൻ ഭഗവത് ന്യൂ യോർക്ക് മാഡിസൺ സ്‌ക്വയർ ഗാർഡനിൽ പ്രസംഗിക്കുന്ന ശനിയാഴ്ച്ച അവിടെ പ്രതിഷേധ പ്രകടനം നടത്തുമെന്നു വിവിധ സിവിൽ റൈറ്സ്, മത സംഘടനകളെ പ്രതിനിധീകരിച്ചു ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ (ഐ എ എം സി) അറിയിച്ചു. ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം, ദളിത് സംഘടനകൾ ഉൾപ്പെടെ പങ്കെടുക്കും. 

തീവ്ര വലതു പക്ഷ നേതാവാണു ഭഗവത് എന്നു ചൂണ്ടിക്കാട്ടി, ഉച്ചയ്ക്ക് 12 മണി മുതൽ അദ്ദേഹത്തിനെതിരായ പ്രതിഷേധം ഗാർഡനു പുറത്തു നടത്തുമെന്ന് അവർ അറിയിച്ചു. ആർ എസ് എസിനെ വെള്ള പൂശി കാണിക്കാനാണ് അദ്ദേഹം വരുന്നത്.

മേയർ സോഹ്രാൻ മാംദാനി, യുഎസ് കോൺഗ്രസ് സ്ഥാനാർഥി ബ്രാഡ് ലാൻഡർ, സിറ്റി കൗൺസിൽ അംഗങ്ങൾ ലിങ്കൺ റെസ്റ്റ്ലർ, ഷഹാന ഹനീഫ് എന്നിവർ ഉൾപ്പെടെ ജനനേതാക്കൾ അപലപിച്ചിട്ടുള്ള സന്ദർശനമാണ് ഭഗവത്തിന്റേത്.  

അതിനെ അപലപിച്ചു കൊണ്ടു പ്രകടന നേതാക്കൾ സംസാരിക്കും. ഹിറ്റ്ലറുടേയും മുസോളിനിയുടെയും ആരാധകർ സ്ഥാപിച്ച ആർ എസ് എസ് യൂണിഫോം ധരിക്കുന്ന അർദ്ധ സൈനിക സായുധ സംഘമാണെന്നു പ്രതിഷേധ കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു.

"ഭരണഘടനാ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് ആർ എസ് എസിന്റെ ലക്‌ഷ്യം. മത ന്യൂനപക്ഷങ്ങളെ പുറത്താക്കാൻ,  അല്ലെങ്കിൽ രണ്ടാം കിടക്കരാക്കാൻ,  അവർ ശ്രമിക്കുന്നു," പ്രതിഷേധ കൂട്ടായ്മ പ്രസ്താവനയിൽ പറഞ്ഞു.  

"ആർ എസ് എസ് സഹോദര സംഘടനകൾ 50 വർഷമായി യുഎസിൽ സജീവമാണ്. അവർ ഹിന്ദുക്കൾക്കിടയിൽ മുസ്ലിം വിരുദ്ധ, ക്രിസ്ത്യൻ വിരുദ്ധ, സിഖ് വിരുദ്ധ വിദ്വേഷം പരത്താൻ ശ്രമിക്കുന്നു. ഇന്ത്യയിലെ സായുധ സംഘങ്ങൾക്കു വേണ്ടി മില്യണുകൾ പിരിക്കുന്നു."

ഭഗവതിന്റെ പരിപാടി റദ്ദാക്കാൻ മാഡിസൺ സ്‌ക്വയർ ഗാർഡൻ അധികൃതരോട് അഭ്യർഥിക്കുമെന്നു കൂട്ടായ്മ വ്യക്തമാക്കി.

ഐ എ എം സിക്കു പുറമേ ഹിന്ദുസ് ഫോർ ഹ്യുമൻ റൈറ്സ്, ഇന്റർഫെയ്‌ത് സെന്റർ ഓഫ് ന്യൂ യോർക്ക്, എൻ ആർ ഐ ഇന്റർനാഷനൽ, സിഖ് കൊയാലിഷൻ തുടങ്ങിയ സംഘടനകളൂം ക്രൈസ്തവ നേതാക്കളും പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്.

Protest planned against Bhagavat 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക