Image

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വായ്പ എടുക്കുന്നതില്‍നിയന്ത്രണം ഏര്‍പ്പെടുത്തി ധനവകുപ്പ്

Published on 28 August, 2026
 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വായ്പ എടുക്കുന്നതില്‍നിയന്ത്രണം ഏര്‍പ്പെടുത്തി ധനവകുപ്പ്

 

തിരുവനന്തപുരം : സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വായ്പ എടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ധന വകുപ്പ്. മുന്‍ വായ്പകളുടെ ശരിയായ ഉപയോഗവും കണക്കും ലഭ്യമായതിനു ശേഷംമാത്രമേ പുതിയ വായ്പകള്‍ എടുക്കുന്നതു പരിഗണിക്കൂ. കോര്‍പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വായ്പകള്‍ ലഭിച്ച മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് സര്‍ക്കാര്‍ നിയന്ത്രണം ബാധകം.

കഴിഞ്ഞ 17 ന് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം മുന്‍ വായ്പകളുടെ ഉപയോഗത്തിന്റേയും തിരിച്ചടവിന്റേയും വിശദാംശങ്ങള്‍, യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബില്ലുകള്‍, വൗച്ചറുകള്‍ എന്നിവ അടിയന്തരമായി സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.

പുതിയ വായ്പ അപേക്ഷ ഇതു പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ മാത്രമേ അനുവദിക്കൂ എന്നും അറിയിച്ചിട്ടുണ്ട്. മുന്‍കാല വായ്പകളുമായി ബന്ധപ്പെട്ട യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബില്ലുകള്‍, വൗച്ചറുകള്‍ എന്നിവ ബന്ധപ്പെട്ട വകുപ്പ് പരിശോധിച്ചു ധന വകുപ്പിന് കൈമാറണം. ധന വകുപ്പ് വിശദമായി പരിശോധിച്ച് അംഗീകരിച്ചാല്‍ മാത്രമേ പുതിയ വായ്പ എടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരന്റി നല്‍കൂ.

ഇതുവരെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വായ്പ എടുക്കാന്‍, അതാതു വകുപ്പ് സെക്രട്ടറി വഴി, വകുപ്പ് മന്ത്രിക്കു ഫയല്‍ നല്‍കി , അതു മന്ത്രിസഭാ യോഗത്തില്‍ വച്ചു പാസാക്കുകയും സര്‍ക്കാര്‍ ഗ്യാരന്റി ലഭ്യമാക്കി വായ്പ എടുക്കുകയുമായിരുന്നു. എന്നാല്‍ പലപ്പോഴും ഈ തുക വിനിയോഗിക്കാതെ ബാങ്കുകളില്‍ ഡിപ്പോസിറ്റ് ചെയ്യുകയും വായ്പയുടെ പലിശ അടയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ധന വകുപ്പിന് കൈമാറാന്‍ കാലതാമസമെടുത്തിരുന്നു. അതേ സമയം വ്യക്തമായ വൗച്ചറുകളോ ബില്ലുകളോ ധനവകുപ്പിന് കൈമാറുന്നുമില്ല. ഇതിനെ തുടര്‍ന്നാണ് ധന വകുപ്പ് വായ്പ എടുക്കുന്നതില്‍ കടിഞ്ഞാണിടാന്‍ തീരുമാനിച്ചത്.

ഒരു സ്ഥാപനം വായ്പയുടെ ഒരു ഭാഗം മാത്രമേ ചെലവഴിച്ചുള്ളൂ എങ്കില്‍ ബാക്കി തുക എന്തുകൊണ്ടാണ് ചെലവഴിക്കാത്തതെന്നു വിശദീകരിക്കണം. അനുവദനീയമായ ഉപയോഗ കാലയളവ് അവസാനിക്കുന്നതിനുമുമ്പ് മുഴുവന്‍ വായ്പ തുകയുടെയും ഉപയോഗ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു ധന വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിവിധ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച വായ്പകള്‍, അവയുടെ വിനിയോഗം, തിരിച്ചടവ് എന്നിവ ട്രാക്ക് ചെയ്യുന്നതിനായി 2021 ഡിസംബറില്‍ സര്‍ക്കാര്‍ ലോണ്‍ മോണിറ്ററിംഗ് ആന്‍ഡ് ഫണ്ട് മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കിയിരുന്നു. എന്നാല്‍ അതു പരാജയപ്പെട്ടു. ധനകാര്യവകുപ്പിന്റെ ചുമതലയുള്ള മുഖ്യ മന്ത്രി വി.ഡി .സതീശന്‍ നേരിട്ട് ഇടപെട്ടാണ് കര്‍ശന പരിശോധനയ്ക്കു തീരുമാനിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക