
തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ സാന്നിധ്യം ശാസ്ത്രീയമായി തെളിയിക്കാന്‍ ഇമേജ് മാച്ചിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് പോലീസ്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും പ്രതികളുടെ യഥാര്‍ഥ ഫോട്ടോകളും താരതമ്യം ചെയ്ത് ദൃശ്യങ്ങളിലുള്ളത് ഒരേ വ്യക്തിയാണെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം.
വീഡിയോ ദൃശ്യങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന ആരോപണം വിചാരണയ്ക്കിടെ ഉയരാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് പോലീസിന്റെ നീക്കം. ഇഡി ആക്രമണക്കേസില്‍ പോലീസിന്റെ കൈവശമുള്ള പ്രധാന തെളിവ് ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ്. അറസ്റ്റിലായ 26 പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞതും ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്.
എന്നാല്‍ പ്രതികള്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് ശാസ്ത്രീയമായി കൂടി തെളിയിക്കേണ്ടതുണ്ട്. ഇതിനായി സൈബര്‍ ഫോറന്‍സിക് പരിശോധനയുടെ ഭാഗമായാണ് ഇമേജ് മാച്ചിംഗ് നടത്തുന്നത്. വീഡിയോയിലെ പ്രതികളുടെ ദൃശ്യങ്ങളും അവരുടെ യഥാര്‍ഥ ഫോട്ടോകളും താരതമ്യം ചെയ്ത് രണ്ടും ഒരേ വ്യക്തിയുടേതാണോയെന്ന് പരിശോധിക്കും. മുഖസാദൃശ്യം മാത്രമല്ല, ശരീരഘടനയും പരിശോധനയുടെ ഭാഗമാകും.
മുഖത്തിന്റെ രൂപം, മൂക്കിന്റെ ഘടന, കണ്ണുകളുടെ പ്രത്യേകതകള്‍ തുടങ്ങിയവയ്‌ക്കൊപ്പം ശരീരഘടന, ഉയരം, മുടിയുടെ പ്രത്യേകതകള്‍ എന്നിവയും പരിശോധിക്കും. ഒരേപോലെ സാദൃശ്യമുള്ള വ്യക്തികള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് അനാട്ടമിക് പരിശോധനയും നടത്തുന്നത്.
സൈബര്‍ ഫോറന്‍സിക് ലാബിലെ പരിശോധനയുടെ ഫലം മൂന്നാഴ്ചയ്ക്കുള്ളില്‍ ലഭിക്കും. പരിശോധനാഫലം ലഭിച്ച ശേഷം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം.