
കാഠ്മണ്ഡു: നേപ്പാളിൽ ആശങ്ക ഒഴിയുന്നില്ല. ഹിമാലയൻ മേഖലയിൽ ഉണ്ടായ പ്രളയത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടെ, വീണ്ടും ശക്തമായ വെള്ളപ്പാച്ചിലുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. പാറയും മഞ്ഞും ഇടിഞ്ഞുവീണ് നദിയുടെ ഒഴുക്ക് താൽക്കാലികമായി തടസ്സപ്പെട്ടതാകാം ദുരന്തത്തിന് കാരണമെന്നും, ഉയർന്ന പർവതപ്രദേശങ്ങളിലെ ഹിമാനി തടാകം പൊട്ടിയൊഴുകിയതാകാം മറ്റൊരു സാധ്യതയെന്നും വിലയിരുത്തുന്നു.
ഐസിമോഡിലെ ജല-ദുരന്തനിവാരണ വിദഗ്ധ ഡോ. നീര ശ്രേഷ്ഠ പ്രധാൻ സ്ഥിതി ഇപ്പോഴും അപകടസാധ്യതയുള്ള മേഖലയിലാണെന്ന് വ്യക്തമാക്കി. പ്രളയത്തിന് കാരണമായത് എന്താണെന്ന് ശാസ്ത്രജ്ഞർ പരിശോധിച്ചുവരികയാണ്. ഉപഗ്രഹ ചിത്രങ്ങളിൽ പ്രളയമുണ്ടായ പ്രദേശത്തിന് മുകളിലായി മൂന്ന് വലിയ ഹിമാനി തടാകങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ബുധനാഴ്ച രാവിലെ പ്രളയസമയത്ത് ടിബറ്റിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായിരുന്നു. ഇത് പ്രളയത്തിന് ഒരു കാരണമായിരിക്കാമെങ്കിലും അന്വേഷണം തുടരുകയാണ്. ചൈനയിൽ നിന്ന് നേപ്പാളിലേക്ക് ഒഴുകിയെത്തുന്ന ഭോട്ടെ കോശി ഉൾപ്പെടെയുള്ള നിരവധി നദികൾ ഉയർന്ന പർവതങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത് എന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. സ്ഥിതി തുടരുന്നതിനാൽ ചൈന ഇതിനകം ഉയർന്ന ജാഗ്രത പ്രഖ്യാപിക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.