
ആർ എസ് എസ് മേധാവി മോഹൻ ഭഗവത് ശനിയാഴ്ച ന്യൂ യോർക്ക് മാഡിസൺ സ്‌ക്വയർ ഗാർഡനിൽ അഭിസംബോധന ചെയ്യുന്ന ചടങ്ങ് സർവമത പരിപാടി ആണെന്നു സംഘടന വ്യക്തമാക്കി. അതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു മേയർ സോഹ്രാൻ മാംദാനി ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്ന വിമർശനങ്ങൾ സംഘടനയുടെ പബ്ലിസിറ്റി ചീഫ് സുനിൽ അംബേദ്ക്കർ തള്ളി.
' Universal Oneness Celebration' പരിപാടിയിൽ വ്യത്യസ്ത മത വിശ്വാസങ്ങളിൽ നിന്നുള്ളവരുമായി ഭഗവത് സംസാരിക്കുമെന്നു അദ്ദേഹം എക്‌സിൽ വിശദീകരിച്ചു.
"തുറന്ന സംഭാഷണവും പരസ്പര ബഹുമാനവും ഉൾപ്പെടുത്തിയാണ് അതു സംഘടിപ്പിച്ചിട്ടുള്ളത്. ഭാരതീയ സംസ്കാരത്തിൽ തന്നെ അടിസ്ഥാനപരമായി ഉള്ളതാണ് സർവമത ബഹുമാനം. "ആർ എസ് എസ് ദർശനത്തെ കുറിച്ച് അറിയാൻ താല്പര്യമുള്ള എല്ലാവരെയും ഞങ്ങൾ ആ തുറന്ന ചർച്ചകൾക്കു ക്ഷണിക്കുന്നു."
അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ് (എഹെഡ്) സംഘടിപ്പിക്കുന്ന പരിപാടിയിൽ നൂറിലേറെ സംഘടനകളുടെ പങ്കാളിത്തമുണ്ടെന്നു സംഘാടകർ പറയുന്നു.
ലോകം ഒരൊറ്റ കുടുംബമാണ് എന്ന പ്രമേയത്തിൽ അധിഷ്‌ഠിതമാണ് പരിപാടിയെന്ന് എഹെഡ് പറയുന്നു.
അക്കൗണ്ട് തിരിച്ചു നൽകണം
അതേ സമയം, തങ്ങളുടെ മരവിപ്പിച്ച എക്സ് അക്കൗണ്ട് തിരിച്ചു നൽകണമെന്ന് എഹെഡ് അഭ്യർഥിച്ചു. മരവിപ്പിച്ചത് അബദ്ധത്തിൽ സംഭവിച്ചതാകാം എന്നാണ് അവർ പറയുന്നത്.
RSS defends Mohan Bhagwat's NY event