
ന്യൂഡൽഹി: നേപ്പാളിൽ ഉണ്ടായ വിനാശകരമായ മിന്നൽപ്രളയത്തിന്‍റെ പ്രത്യാഘാതം ഇന്ത്യയിൽ ബിഹാറിലെയും ഉത്തർപ്രദേശിലെയും അതിർത്തി പ്രദേശങ്ങളിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) അറിയിച്ചു. ഇരു സംസ്ഥാന സർക്കാരുകളുമായും വിവിധ ഏജൻസികളുമായും ഏകോപനം നടത്തി സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും എൻഡിആർഎഫ് അറിയിച്ചു.
ഒഴിപ്പിക്കൽ, ദുരിതാശ്വാസം, രക്ഷാപ്രവർത്തനം എന്നിവ ആവശ്യമായി വന്നാൽ ഉടൻ രംഗത്തിറങ്ങുന്നതിനായി ആകെ 20 എൻഡിആർഎഫ് സംഘങ്ങളെയാണ് ഇരു സംസ്ഥാനങ്ങളിലുമായി വിന്യസിച്ചിട്ടുള്ളത്. ഇതിൽ ഒൻപത് സംഘങ്ങൾ ബിഹാറിലും 11 സംഘങ്ങൾ ഉത്തർപ്രദേശിലുമാണ്. ഉത്തർപ്രദേശിലെ ഗൊരഖ്പുരിന് സമീപമുള്ള കുശിനഗർ ജില്ലയിൽ ഒരു എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. നേപ്പാളിലെ പ്രളയസാഹചര്യം കണക്കിലെടുത്ത് അതിർത്തി മേഖലകളിൽ പ്രത്യേക ജാഗ്രത തുടരുകയാണ്.
“ബിഹാറിലും ഉത്തർപ്രദേശിലും മിന്നൽപ്രളയത്തിന്‍റെ പ്രതികൂല ആഘാതം ഇതുവരെ ഉണ്ടായിട്ടില്ല. ഇരു സംസ്ഥാന സർക്കാരുകളുമായും മറ്റ് ഏജൻസികളുമായും ഏകോപനം നടത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്”- എൻഡിആർഎഫ് ഇൻസ്പെക്റ്റർ ജനറൽ നരേന്ദ്ര സിങ് ബുണ്ടേല പറഞ്ഞു. കേന്ദ്ര ജല കമ്മീഷനും സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ച് വിവരങ്ങൾ കൈമാറുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിലെ വാൽമീകിനഗറിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിലൂടെ ഒഴുകുന്ന ഗണ്ഡക് നദിയിലെ ആദ്യ ബാരേജും നിരീക്ഷണത്തിലാണ്. നേപ്പാളിലെ പ്രളയത്തിന്‍റെ പ്രത്യാഘാതം ഇവിടെ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ബുണ്ടേല പറഞ്ഞു. നേപ്പാളിന് സഹായവുമായി ഇന്ത്യ രണ്ട് വിമാനങ്ങളിലായി ദുരന്തനിവാരണ സാമഗ്രികൾ അയച്ചിട്ടുണ്ട്. മരുന്നുകൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് വിമാനങ്ങളിൽ എത്തിച്ചത്.