
ന്യൂ യോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ ഓഗസ്റ്റ് 29നു ആർ എസ് എസ് നേതാവ് മോഹൻ ഭഗവത് പങ്കെടുക്കുന്ന യൂണിവേഴ്സൽ വൺനെസ് പരിപാടിയിൽ പങ്കെടുക്കുന്നവർ ജാഗ്രത പാലിക്കണമെന്നു ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (എച് എ എഫ്) നിർദേശിച്ചു. ഹിന്ദുക്കളോട് വിദ്വേഷം വച്ചു പുലർത്തുന്ന പല സംഘടനകളും ആക്ടിവിസ്റ്റുകളും ഉയർത്തുന്ന ഭീഷണി പരിഗണിച്ചാണ് നിർദേശമെന്നു എക്സിക്യൂട്ടീവ് ഡയറക്‌ടർ സുഹാഗ് ശുക്ല പറഞ്ഞു.
യുഎസ് കോൺഗ്രസ് അംഗത്തെ വധിക്കാനുള്ള ആഹ്വാനം വരെ ചിലർ നടത്തിയതായി ശുക്ല ചൂണ്ടിക്കാട്ടി. പരിപാടി തടസപ്പെടുത്താൻ പല ശ്രമങ്ങളും നടന്നു. അതിൽ ചിലർ ന്യൂ യോർക്ക് നഗരഭരണത്തിന്റെ പണം കൈപ്പറ്റിയവരാണ്. മേയർ സോഹ്രാൻ മാംദാനിയുടെ ക്യാമ്പയ്നുമായി ബന്ധപ്പെട്ടവരുമാണ്.
മാംദാനി തന്നെ നടത്തിയ പ്രസ്താവനകൾ കണക്കിലെടുത്തുമാണ് ജാഗ്രതാ നിർദേശം നൽകുന്നത്. നഗര ഭരണാധികാരി എന്ന നിലയ്ക്ക് നഗരവാസികളെ യാതൊരു വ്യത്യാസങ്ങളും ഇല്ലാതെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം മാംദാനിക്കുണ്ടെന്നു എച് എ എഫ് അദ്ദേഹത്തെ ഓർമപ്പെടുത്തുകയും ചെയ്യുന്നു.
ചടങ്ങിൽ പങ്കെടുക്കുന്നവർ മര്യാദകൾ പാലിക്കണം എന്നതാണ് ഒരു നിർദേശം. പ്രതിഷേധക്കാർക്കും പങ്കെടുക്കാനും അവരുടെ ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനും അവകാശമുണ്ട് എന്നതു മറക്കരുത്.
ജാഗ്രത പാലിക്കണം എന്നതാണ് മറ്റൊരു കാര്യം. പരിസരം ശ്രദ്ധിക്കുക. എന്തെങ്കിലും സംശയം തോന്നിയാൽ നിയമപാലകരെ അറിയിക്കുക.
സ്വന്തം സുരക്ഷ ഉറപ്പാക്കണം. ഭീഷണിയുണ്ട് എന്നു തോന്നിയാൽ ഉടൻ സ്ഥലം വിടുകയും പോലീസിനെ അറിയിക്കയും വേണം. 911 വിളിക്കാം.
പ്രകോപനം സൃഷ്ടിക്കാൻ ആരെങ്കിലും ശ്രമം നടത്തിയാൽ അവരിൽ നിന്ന് അകന്നു നിൽക്കുക. വാക്കു കൊണ്ടോ ശാരീരികമായോ തിരിച്ചൊരു പ്രകോപനം ഉണ്ടാക്കരുത്.
ആശങ്ക ഉയർത്തുന്ന എന്തെങ്കിലും കണ്ടാൽ അത് രേഖപ്പെടുത്തുക. വീഡിയോ ദൃശ്യങ്ങൾ പ്രയോജനപ്പെടും. തീയതി, സമയം, സ്ഥലം, പേരുകൾ ഇവയൊക്കെ പ്രധാനമാണ്.
ഹിന്ദു ക്ഷേത്രങ്ങൾ പ്രത്യേകിച്ചും സുരക്ഷയിൽ ശ്രദ്ധ വയ്ക്കണമെന്ന് ശുക്ല നിർദേശിച്ചു.
HAF urges vigil as Bhagavat event due