Image

നേപ്പാളിലെ മിന്നല്‍ പ്രളയം: മരണസംഖ്യ 170 ആയി; 800 പേരെ കാണാതായെന്ന് പോലീസ്; ദുരന്തത്തിന്റെ വ്യാപ്തി കൂടിയേക്കാമെന്ന് ആശങ്ക

Published on 27 August, 2026
നേപ്പാളിലെ മിന്നല്‍ പ്രളയം: മരണസംഖ്യ 170 ആയി; 800 പേരെ കാണാതായെന്ന് പോലീസ്; ദുരന്തത്തിന്റെ വ്യാപ്തി കൂടിയേക്കാമെന്ന് ആശങ്ക

കാഠ്മണ്ഡു: നേപ്പാളില്‍ ചൈനയുടെ ടിബറ്റ് മേഖലയ്ക്ക് ഇടയിലുള്ള ഹിമാലയന്‍ അതിര്‍ത്തിയില്‍ ബുധനാഴ്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഇതുവരെ 157 മരണം. ബുധനാഴ്ച രാത്രി വരെ 170 മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് നേപ്പാള്‍ പൊലീസ് അറിയിച്ചത്. നേപ്പാള്‍ ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് 800 പേരെ കാണാതായി. ഇതില്‍ 400ലധികം വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നു. ഇവരില്‍ ഏകദേശം 340 പേര്‍ വിദേശികളാണ്. കാണാതായവരില്‍ 133 പേര്‍ ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരാണെന്നാണ് നേപ്പാള്‍ ടൂറിസം ബോര്‍ഡ് വക്താവ് സുനില്‍ ശര്‍മ്മയെ അറിയിച്ചത്. കാണാതായവരില്‍ 47 പേര്‍ അമേരിക്കക്കാരും 34 പേര്‍ ഓസ്ട്രേലിയക്കാരും 33 പേര്‍ ബ്രിട്ടീഷുകാരും 24 പേര്‍ കാനഡക്കാരുമാണെന്നും അദ്ദേഹം അറിയിച്ചു. ജലവൈദ്യുത നിലയത്തില്‍ ജോലി ചെയ്തിരുന്ന എട്ട് ദക്ഷിണ കൊറിയന്‍ പൗരന്മാരെ കാണാതായതായി ദക്ഷിണ കൊറിയയും അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നിന്നുള്ള നൂറുകണക്കിന് ഹിന്ദു തീര്‍ഥാടകര്‍ വര്‍ഷംതോറും സന്ദര്‍ശിക്കുന്ന ടിബറ്റിലെ കൈലാസ് മാനസസരോവര്‍ തീര്‍ഥാടന പാതയിലാണ് ദുരന്തബാധിത പ്രദേശം. നിരവധി പേര്‍ തീര്‍ത്ഥാടനത്തിനായി എത്തിച്ചേരാറുള്ള സമയത്താണ് ഇപ്പോള്‍ അപകടം സംഭവിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി ഇപ്പോഴും വ്യക്തമായിട്ടില്ല. അതിര്‍ത്തി പ്രദേശത്ത് നിരവധി ആളുകള്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും വന്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടാകാമെന്നുമുള്ള ആശങ്കയാണ് അധികൃതര്‍ പങ്കുവെയ്ക്കുന്നത്.

കാണാതായ ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി നുവാകോട്ട്, ധാദിങ് മേഖലകളില്‍ നിന്നുള്ള നാട്ടുകാര്‍ ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ നേപ്പാള്‍ സൈനിക പരിശീലന കേന്ദ്രത്തിന് മുന്നില്‍ തടിച്ചുകൂടി. വൈദ്യുതിയില്ലാത്തതിനാല്‍ മൊബൈല്‍ ഫോണുകളുടെ വെളിച്ചം മാത്രം ഉപയോഗിച്ചാണ് പൊലീസ് കാണാതായവരുടെ പേരുകള്‍ രേഖപ്പെടുത്തിയത്. ജലവൈദ്യുത സംവിധാനങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് പ്രദേശത്ത് വൈദ്യുതി മുടങ്ങിയത്. ദുരന്തബാധിത മേഖലകളില്‍ വീടുകളും മരങ്ങളും വാഹനങ്ങളും മണ്ണിലും വെള്ളത്തിലും മുങ്ങുകയോ മണ്ണിനടിയില്‍പ്പെടുകയോ ചെയ്തിട്ടുണ്ട്. ദിവസം മുഴുവന്‍ ഹെലികോപ്റ്ററുകള്‍ പ്രദേശത്തിന് മുകളിലൂടെ പറന്ന് രക്ഷപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

അപകടത്തെ തുടര്‍ന്ന് നിരവധി ആളുകള്‍ രക്ഷപ്പെടാന്‍ ഓടുന്ന നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലെ ചൈനീസ് ഭാഗത്ത് സ്ഥാപിച്ചിരുന്ന സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പിന്നാലെ പാറകളും മണ്ണും വെള്ളവും ചേര്‍ന്ന കുത്തൊഴുക്കില്‍ കെട്ടിടങ്ങളും വാഹനങ്ങളും തകരുന്നതും നിരവധി പേരെ ഒഴുക്കിക്കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സുരക്ഷാ ക്യാമറ ദൃശ്യത്തിലുള്ള സമയത്തിന് ഏകദേശം ഏഴ് മിനിറ്റ് മുമ്പ് 4.4 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയിരുന്നു എന്നാണ് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

നേപ്പാളിലെ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് ഇന്ത്യയിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് മുന്നറിയിപ്പുള്ളത്. ബിഹാറിലെ ആറ് ജില്ലകളില്‍ നിന്ന് ഏകദേശം 5,000 പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ആകെ 10,000 മുതല്‍ 12,000 വരെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനാണ് പദ്ധതിയെന്നും അധികൃതര്‍ വ്യക്തമാക്കി.

ബുധനാഴ്ച പുലര്‍ച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റന്‍ അതിര്‍ത്തിക്കടുത്ത് മിന്നല്‍പ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തല്‍. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തില്‍ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികള്‍ തകരാറിലായിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക