
പത്തനംതിട്ട: പത്തനംതിട്ട ടൗണിലെ വാഹനാപകടത്തില്‍ മദ്യപിച്ച് വാഹനമോടിച്ച രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. ഓമല്ലൂര്‍ സ്വദേശി വിനു(48) , വിശ്വജിത്ത്(24) എന്നിവരാണ് അപകടമുണ്ടാക്കിയത്. ഇവരെ വൈദ്യ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അമിതമായി മദ്യപിച്ചിരുന്നു എന്നാണ് പ്രാഥമിക വിവരം.
ഇവര്‍ മദ്യപിച്ച് അമിത വേഗത്തില്‍ ഓടിച്ച കാര്‍ വഴിയാത്രക്കാരെയും നിരവധി വാഹനങ്ങളെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാര്‍ ഇടിച്ച വഴിയാത്രക്കാരന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പത്തനംതിട്ട ടൗണിലെ അബാന്‍ ആര്‍ക്കേഡിന് മുന്‍പിലായാണ് അപകടം സംഭവിച്ചത്. വഴിയാത്രികനായ ഫയര്‍ഫോഴ്‌സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ അബു(58)വിന് അപകടത്തില്‍ തല്‍ക്ഷണം ജീവന്‍ നഷ്ടമായി. പത്തനംതിട്ടയിലെ സ്വകാര്യ സ്‌കൂളിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അബു.
അപകടത്തില്‍ ഒന്‍പത് ബംഗാള്‍ സ്വദേശികള്‍ക്ക് സാരമായി പരിക്കേറ്റു. ഭക്ഷണം വാങ്ങി നടന്നു വരുന്ന വഴിയാണ് ബംഗാള്‍ സ്വദേശികളുടെ ഇടയിലേക്ക് വാഹനം പാഞ്ഞു കയറിയത്. വിജയ് മണ്ഡല്‍(18) , അഷ്‌കര്‍(19) ,അമിത്ത്(22) ,അന്തോണീസ്(32), സഞ്ജത്ത് (18), ജമോഷ്(24),ഫര്‍മാന്‍(30), സൂര്യ(21) , രൂപേഷ് (26 ) ജനറല്‍ എന്നിവരാണ് ചികിത്സയിലുള്ളത്. ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.