
മോസ്കോയിൽ കഴിഞ്ഞയാഴ്ച്ച യുഎസ് സൈനിക വിമാനം ഇറങ്ങിയതിന്റെ പേരിലുള്ള ദുരൂഹത നിലനിൽക്കെ, യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായ ചർച്ചയ്ക്കു സി ഐ എ മേധാവി ജോൺ റാറ്റ്ക്ലിഫിനെ താൻ മോസ്കോയിലേക്കു അയച്ചിരുന്നുവെന്നു പ്രസിഡന്റ് ട്രംപ് ബുധനാഴ്ച്ച വെളിപ്പെടുത്തി. "യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നുണ്ട്," വലതുപക്ഷ നിരീക്ഷകൻ ഗ്ലെൻ ബെക്കുമായുള്ള അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
റാറ്റ്ക്ലിഫിൻറെ ചർച്ചകളിൽ നിന്നു ഫലമുണ്ടാവും എന്നാണ് പ്രതീക്ഷയെന്നു ട്രംപ് പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് ഈ സന്ദർശനം സ്ഥിരീകരിച്ചിരുന്നു. ലാത്വിയയിൽ നിന്നു റഷ്യയിലേക്ക് യുഎസ് വിമാനം പറന്നതിന്റെ ഡാറ്റ ഉപയോഗിച്ച് യുഎസ് മാധ്യമങ്ങൾ ചില റിപ്പോർട്ടുകൾ നൽകിയിരുന്നു താനും.
റാറ്റ്ക്ലിഫ് പുട്ടിനെ കണ്ടില്ലെന്നു പെസ്‌കോവ് പറഞ്ഞു. ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായാണ് അദ്ദേഹം സംസാരിച്ചത്.
യുക്രൈനിൽ സിവിലിയൻ കേന്ദ്രങ്ങളിൽ റഷ്യ ആക്രമണം കടുപ്പിച്ച നേരത്താണ് ഈ നീക്കം ഉണ്ടായത്. യുക്രൈൻ ഒരു മുന്നേറ്റം നടത്തിയെങ്കിലും അവർക്കു മിസൈലുകൾ തടയുന്ന സംവിധാനത്തിനു ക്ഷാമമുണ്ടെന്നാണ് റിപ്പോർട്ട്.
രണ്ടാമത് അധികാരമേറ്റപ്പോൾ ഒരു ദിവസം കൊണ്ടു യുദ്ധം തീർക്കുമെന്നു ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ യുദ്ധം നാലു വർഷമെത്തിയിട്ടും അന്ത്യം കാണാൻ കഴിഞ്ഞിട്ടില്ല.
ഇറാനെതിരായ ട്രംപിന്റെ സാമ്പത്തിക യുദ്ധം ഫലപ്രദമാവാൻ റഷ്യയുടെ സഹകരണം വേണം എന്നിരിക്കെ അതേക്കുറിച്ചു റാറ്റ്ക്ലിഫ് മോസ്കോയിൽ സംസാരിച്ചോ എന്ന ചോദ്യവുമുണ്ട്. അതുണ്ടായില്ല എന്നു ട്രംപ് പറയുമ്പോൾ സന്ദർശനത്തിന്റെ പ്രാധാന്യം തന്നെ കുറച്ചു കാട്ടിയാണ് പെസ്‌കോവ് സംസാരിച്ചത്. "ഉഭയകക്ഷി ബന്ധങ്ങൾ ഏറ്റവും മോശമായ സമയത്തും ഈ ആശയവിനിമയം നടന്നിട്ടുണ്ട്."
Trump reveals CIA chief's visit to Moscow