
കാഠ്മണ്ഡു ; നേപ്പാളിൽ കനത്ത നാശനഷ്ടമുണ്ടാക്കിയ പ്രളയത്തിന് കാരണം നേപ്പാൾ-ചൈന അതിർത്തിയിലുണ്ടായ ഹിമപാതമാണെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. റസുവഗധി നേപ്പാൾ-ചൈന അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ വടക്കുകിഴക്കായി ഉണ്ടായ വൻ മഞ്ഞിടിച്ചിലാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് ഉപഗ്രഹ ദൃശ്യങ്ങൾ വിശകലനം ചെയ്ത് നേപ്പാളിലെ ദേശീയ ദുരന്ത ലഘൂകരണ മാനേജ്മെന്റ് അതോറിറ്റി (എൻ ഡി ആർ ആർ എം എ) വ്യക്തമാക്കി.
സെപ്റ്റംബർ 25, 26 തീയതികളിലെ പ്രളയത്തിന് മുൻപും ശേഷവുമുള്ള സാറ്റലൈറ്റ് ചിത്രങ്ങളാണ് ഏജൻസി പുറത്തുവിട്ടത്. അതിർത്തിയിലെ ഗ്ലേസിയർ മേഖലയിൽ നിന്നും മഞ്ഞും പാറക്കല്ലുകളും ഇടിഞ്ഞുവീണ് നദീതടം അടയുകയോ അല്ലെങ്കിൽ ഹിമതടാകത്തിലേക്ക് പതിക്കുകയോ ചെയ്തതാണ് ഈ വലിയ ദുരന്തത്തിലേക്ക് നയിച്ചത്. ഇതേത്തുടർന്ന് ഉടലെടുത്ത പ്രളയജലവും മഞ്ഞും അവശിഷ്ടങ്ങളും ലെണ്ഡേ ഖോലനദിയിലൂടെ ഒഴുകിയെത്തി ഭൂട്ടെ കോശി (Bhote Koshi) നദിയിൽ വെള്ളപ്പൊക്കം ഉണ്ടാക്കുകയായിരുന്നു.