
കാസർകോട്: ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ കലംതല്ലിപ്പൊട്ടിക്കലിനിടെ തലയ്ക്ക് അടിയേറ്റ് എൽഡിഎഫ് മെമ്പർക്ക് പരുക്ക്. കാസർകോട് വോർക്കാടി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലായിരുന്നു സംഭവം. ബിജെപിയും യുഡിഎഫും എൽഡിഎഫും സംയുക്തമായി ഓണാഘോഷം സംഘടിപ്പിക്കുകയായിരുന്നു.
ഇതിനിടെ കണ്ണുകെട്ടിവിട്ട യുഡിഎഫ് വനിതാ മെമ്പർ കുടമാണെന്നു കരുതി എൽഡിഎഫ് മെമ്പറുടെ തലയ്ക്കിട്ട് കയ്യിലുണ്ടായിരുന്ന വടി കൊണ്ട് തല്ലുകയായിരുന്നു. കുടത്തിന് നേരെ കീഴിലാണ് മെമ്പർ നിന്നത്. കണ്ണുകെട്ടിയ മെമ്പർ ആളുകൾ അടിക്കൂവെന്ന് പറഞ്ഞതോടെ കയ്യിലുള്ള വടി ഉപയോഗിച്ച് ആഞ്ഞടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അപകടത്തിൽപ്പെട്ട മെമ്പറുടെ പരുക്കു ഗുരുതരമാണോ എന്നോ മറ്റുവിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.