
കോട്ടയം: പുതുപ്പള്ളിയിലെ ആര്‍ആര്‍ഐഐയെ (റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ) രാജ്യത്തെ റബര്‍ ക്ലോണുകളുടെ നോഡല്‍ ഡിയുഎസ് പരിശോധനാ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം റബര്‍മേഖലയിലെ വികസന നാഴികക്കല്ലാണെന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ഹരി പറഞ്ഞു.
റബര്‍ കര്‍ഷകര്‍ക്കും പുതിയ ക്ലോണ്‍ ഇനങ്ങളുടെ സംരക്ഷണത്തിനും ദേശീയതലത്തിലുള്ള സംവിധാനം ഇനി റബറിൻ്റെ നാട്ടില്‍ തന്നെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
'റബറിൻ്റെ വൈവിധ്യവും തനിമയും സംരക്ഷിക്കുന്നതിനും തോട്ടങ്ങളില്‍ വികസിപ്പിക്കുന്ന പുതിയ റബര്‍ ഇനങ്ങള്‍ക്ക് നിയമപരമായ അംഗീകാരവും സംരക്ഷണവും ഉറപ്പാക്കുന്നതിനും ഇതിലൂടെ അവസരമൊരുങ്ങും. 'കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് നരേന്ദ്ര മോദി ജി സര്‍ക്കാര്‍ നല്‍കിയ ഓണസമ്മാനമാണിതെന്നും' ചെയർമാൻ ഹരി കൂട്ടിച്ചേര്‍ത്തു. ആര്‍ആര്‍ഐഐയെ രാജ്യത്തെ റബര്‍ ക്ലോണുകളുടെ അംഗീകൃത മാതൃകാ പരിശോധനാ കേന്ദ്രമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലോണ്‍ റഫറന്‍സ് ചെടിത്തൈകള്‍ നട്ടുകൊണ്ടാണ് പ്രഖ്യാപനം നിര്‍വഹിച്ചത്. സസ്യ ഇനങ്ങളുടെയും കര്‍ഷകരുടെയും അവകാശ സംരക്ഷണ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് ആര്‍ആര്‍ഐഐയെ രാജ്യത്തെ റബര്‍ ക്ലോണുകളുടെ അംഗീകൃത ഡിയുഎസ് പരിശോധനാ കേന്ദ്രമായി തെരഞ്ഞെടുത്തത്. ആര്‍ആര്‍ഐഐയുടെ പരിശോധനാ സാക്ഷ്യപത്രത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും ഡല്‍ഹിയിലെ പ്ലാന്‍റ് അതോറിറ്റി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക.