
തിരുവനന്തപുരം: പകല്‍സമയത്ത് വൈദ്യുതിക്ക് കുറഞ്ഞ വിലയും രാത്രിയിലെ ഉയര്‍ന്ന വൈദ്യുതി ആവശ്യകതയുള്ള സമയത്ത് ഉയര്‍ന്ന വിലയും ഏര്‍പ്പെടുത്തുന്നതടക്കമുള്ള നിര്‍ദേശങ്ങളടങ്ങിയ കരട് താരിഫ് റെഗുലേഷന്‍ പുറത്തിറക്കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍. 2027 മുതല്‍ 2032 വരെയുള്ള കാലയളവിലെ നിരക്ക് പരിഷ്‌കരണവുമായി ബന്ധപ്പെട്ടാണ് കരട് നിര്‍ദേശങ്ങള്‍.
നിലവിലുള്ള 2021ലെ താരിഫ് റെഗുലേഷന്റെ കാലയളവ് 2026-27 സാന്പത്തികവര്‍ഷത്തോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് കരട് റഗുലേഷനുകള്‍ തയാറാക്കിയത്.
സോളാര്‍ വൈദ്യുതി കൂടുതലായി ലഭിക്കുന്ന പകല്‍ സമയത്ത് കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തി കൂടുതല്‍ ഉപയോക്താക്കളെ അന്നത്തെ വൈദ്യുതി ഉപയോഗത്തിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിര്‍ദേശം. നിലവില്‍ മാസം 250 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് ടൈം ഓഫ് ഡേ സംവിധാനം ബാധകമാക്കിയിട്ടുള്ളത്. ഇതിന്റെ പരിധിയിലേക്ക് കുടുതല്‍ ഉപയോക്താക്കളെ കൊണ്ടുവന്നാല്‍ രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുറയ്ക്കാന്‍ കഴിയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ള പുരപ്പുറ സോളാര്‍ ഉപയോക്താക്കള്‍ക്ക് പീക്ക് സമയത്ത് നിരക്കിളവ് നല്‍കുന്നതു സംബന്ധിച്ച നിര്‍ദേശം, ഫിക്‌സഡ് ചാര്‍ജ് പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം, ഇന്ധന സര്‍ചാര്‍ജ് അതതു മാസംതന്നെ ഈടാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം തുടങ്ങിയവ കരട് റെഗുലേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കെഎസ്ഇബിയുടെ കാര്യക്ഷമത, ഉത്തരവാദിത്വം, സേവനനിലവാരം എന്നിവ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ചട്ടങ്ങള്‍ കരട് റെഗുലേഷനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും സേവനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രോത്സാഹനം നല്‍കാനുള്ള വ്യവസ്ഥകളുമുണ്ട്. കൂടാതെ, കാര്യക്ഷമമായ വൈദ്യുതി സംഭരണം പ്രോത്സാഹിപ്പിക്കുന്നതിനും വൈദ്യുതി വാങ്ങല്‍ ചെലവ് കുറയ്ക്കുന്നതിനുമുള്ള നിര്‍ദേശങ്ങളുമുണ്ട്.
വൈദ്യുതി വിതരണ, പ്രസരണ മേഖലകളിലെ പ്രവര്‍ത്തപരിപാലന ചെലവുകള്‍ നിര്‍ണയിക്കുന്നതിനുള്ള രീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഊര്‍ജസംഭരണ സംവിധാനങ്ങളുടെ താരിഫ് നിര്‍ണയിക്കുന്നതിനായി സമഗ്രമായി ചട്ടക്കൂട് നിര്‍ദേശിച്ചിട്ടുണ്ട്. 2021ലെ താരിഫ് റെഗുലേഷനുകള്‍ വിജ്ഞാപനം ചെയ്തതിനുശേഷം വൈദ്യുതി മേഖലയിലുണ്ടായ മാറ്റങ്ങളും, സിഇആര്‍സി, സിഇഎ പുറപ്പെടുവിച്ച റെഗുലേഷനുകളും, കേന്ദ്ര സര്‍ക്കാരിന്റെ ചട്ടങ്ങളും കൂടി കണക്കിലെടുത്താണ് കരട് റെഗുലേഷനുകള്‍ തയാറാക്കിയത്.
കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ റെഗുലേഷന്‍ 2026ന്റെ കണ്‍സള്‍ട്ടേഷന്‍ പ്രക്രിയയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്ക് മുഖേന സെപ്റ്റംബര്‍ 18ന് മുന്പായി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മീഷന്റെ ഓഫീസ് സമയത്ത് പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കില്‍ (0471-2735544) ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ കമ്മീഷന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്. കൂടാതെ തപാല്‍ മുഖേനയും ഇ-മെയില്‍ kserc@erckerala.org മുഖേനയും സെപ്റ്റംബര്‍ 25 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാമെന്നും കമ്മീഷന്‍ അറിയിച്ചു.