Image

സഹകരണ ബാങ്കുകളിലെ വായ്പ തീര്‍പ്പാക്കല്‍; ജനപ്രതിനിധികള്‍ക്ക് 50% വരെ ഇളവു നല്‍കാം

Published on 26 August, 2026
 സഹകരണ ബാങ്കുകളിലെ വായ്പ തീര്‍പ്പാക്കല്‍; ജനപ്രതിനിധികള്‍ക്ക് 50% വരെ ഇളവു നല്‍കാം

 

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ വായ്പാ തീര്‍പ്പാക്കലില്‍ ജനപ്രതിനിധികള്‍ക്ക് കൂടുതല്‍ അധികാരം. ഒറ്റത്തവണ വായ്പാ തീര്‍പ്പാക്കലിന്റെ ഭാഗമായുള്ള ആശ്വാസ് പദ്ധതിയില്‍ എംഎല്‍എമാരും എംപിമാരും അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് പലിശയില്‍ 50 ശതമാനം ഇളവ് അനുവദിക്കാനുള്ള വ്യവസ്ഥകള്‍ക്ക് സഹകരണ അംഗീകാരം നല്‍കി. ആശ്വാസ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഒരുമാസത്തേക്കു നീട്ടിയിരുന്നു.

ഇതനുസരിച്ച് അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സമിതിയില്‍ എംഎല്‍എയെയും ഉള്‍പ്പെടുത്തി. സിറ്റിംഗില്‍ എംഎല്‍എമാരും പങ്കെടുക്കും. എംഎല്‍എ ഉള്‍പ്പെട്ട സമിതിക്ക് പലിശയില്‍ 35 ശതമാനം വരെ ഇളവ് അനുവദിക്കാന്‍ ചട്ടത്തില്‍ വ്യവസ്ഥ വരുത്തി. ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സമിതിയില്‍ എംപിമാരാകും പ്രതിനിധികളാകുക.

ഇവര്‍ ഉള്‍പ്പെടുന്ന സമിതിക്ക് 50 ശതമാനം വരെ പലിശയിളവ് അനുവദിക്കാനാകും. ഇതോടെ ജനപ്രതിനിധികളുടെ സമിതിക്ക് പലിശയില്‍ പകുതി വരെ ഇളവ് നല്‍കാനാകും. സംഘത്തിന്റെ ഭരണസമിതികള്‍ നടത്തുന്ന സിറ്റിംഗില്‍ 25 ശതമാനം പലിശയിളവ് നല്‍കാന്‍ മാത്രം വ്യവസ്ഥ ഉള്ളപ്പോഴാണ് ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതികള്‍ക്ക് കൂടുതല്‍ പലിശ ഇളവ് അനുവദിക്കാനാകുക.

നഷ്ടത്തിലായി പ്രതിസന്ധി നേരിടുന്ന സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണ നടപടികളുടെകൂടി ഭാഗമായാണ് എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടുന്ന സമിതി ഒറ്റത്തവണ വായ്പാ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ നിര്‍ണായക സ്വാധീനമാകുന്നത്. സഹകരണ സംഘങ്ങളില്‍ നിക്ഷേപിച്ച തുക തിരികെ കിട്ടാനാകാതെ നിക്ഷേപകര്‍ നട്ടംതിരിയുന്ന 441 സഹകരണ സംഘങ്ങള്‍ സംസ്ഥാനത്തുണ്ടെന്നാണ് സഹകരണ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.ഈ മാസം 31ന് അവസാനിപ്പിക്കാനിരുന്ന ആശ്വാസ് പദ്ധതിയുടെ കാലാവധിയാണ് സെപ്റ്റംബര്‍ 30 വരെ കഴിഞ്ഞ ദിവസം നീട്ടിയത്.

മഴക്കെടുതി, ഓണാവധി എന്നിവ കണക്കിലെടുത്തായിരുന്നു തീരുമാനം. ഇതുവരെ പദ്ധതിയുടെ ഭാഗമായി 100 കോടിയിലേറെ രൂപ സഹകരണ സംഘങ്ങള്‍ക്ക് ലഭിച്ചതായാണ് സഹകരണ വകുപ്പ് അധികൃതര്‍ പറയുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക