Image

കളവും തെറ്റിദ്ധാരണകളും പ്രചരിപ്പിച്ചു; ഉമര്‍ ഫൈസിയെ സമസ്ത മുശാവറയില്‍ നിന്ന് പുറത്താക്കണമെന്ന് സുന്നി നേതാക്കള്‍

Published on 26 August, 2026
 കളവും തെറ്റിദ്ധാരണകളും പ്രചരിപ്പിച്ചു; ഉമര്‍ ഫൈസിയെ സമസ്ത മുശാവറയില്‍ നിന്ന് പുറത്താക്കണമെന്ന് സുന്നി നേതാക്കള്‍

 

കോഴിക്കോട്: സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തെ സമസ്ത മുശാവറയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം സുന്നി നേതാക്കള്‍. വഖഫ് ബോര്‍ഡ് പുനഃസംഘടനാ വിഷയത്തില്‍ കളവും തെറ്റിദ്ധാരണകളും നിരന്തരമായി പ്രചരിപ്പിക്കുകയാണ് സിപിഐഎമ്മും ബോര്‍ഡിലേക്ക് ഇടതുസര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ചെയര്‍മാന്‍ കെ എസ് ഹംസയും അംഗം ഉമര്‍ ഫൈസി മുക്കവുമെന്ന് സമസ്തയുടെ കീഴ്ഘടകങ്ങളുടെ നേതാക്കള്‍ കുറ്റപ്പെടുത്തി. വഖഫ് ബോര്‍ഡിലെ ഒഴിവിലേക്ക് രണ്ട് ആര്‍എസ്എസുകാരെ നിയമിക്കാമെന്ന് യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്ന പച്ചക്കള്ളം സിപിഐഎം വേദിയില്‍ പ്രസംഗിച്ചതിലൂടെ സമസ്തയെ പൊതുസമൂഹത്തില്‍ അപമാനിതനാക്കിയ മുക്കം ഉമര്‍ ഫൈസി മുക്കത്തെ സമസ്ത മുശാവറിയില്‍ നിന്ന് നീക്കം ചെയ്യണമെന്നും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നപ്പോഴേക്കും അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ കേരള വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. മുന്‍കാലങ്ങളില്‍ ജനാധിപത്യപരമായി മുതവല്ലിമാരുടെ പ്രതിനിധികളെ മത്സരിച്ച് തെരഞ്ഞെടുക്കാനുള്ള അവസരം ഒഴിവാക്കിയാണ് കേന്ദ്ര നിയമത്തിന്റെ മറപിടിച്ച് ധൃതിപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പുനഃസംഘടന നടത്തിയത്. മുതവല്ലിമാരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ കാലങ്ങളോളമായി സമസ്തക്കാര്‍ മാത്രമായതിനാല്‍ അവരെ തഴഞ്ഞ് തങ്ങള്‍ക്ക് വഴങ്ങുന്നവരെ ഉള്‍പ്പെടുത്താനാണ് അന്ന് സര്‍ക്കാര്‍ പെട്ടെന്ന് പുനഃസംഘടിപ്പിച്ചത്. എന്നാല്‍ രണ്ട് അമുസ്ലിംകള്‍ ബോര്‍ഡില്‍ വേണമെന്ന നിയമത്തെ പിന്നീട് അംഗീകരിക്കേണ്ടിവരുമെന്ന് നിയമത്തെ പിന്തുണച്ചതിലൂടെ വ്യക്തമായിരുന്നു.

രണ്ടു അംഗങ്ങള്‍ക്കായി ഒഴിവിട്ട് പുനഃസംഘടന നടന്നപ്പോള്‍ അമുസ്ലികളെ നിയമിക്കില്ലെന്ന് അന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ല. അമുസ്ലിംകളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി പുനഃസംഘടന പൂര്‍ത്തിയാക്കുന്നതിന് തങ്ങള്‍ക്ക് വിരോധമില്ലെന്നാണ് ബോര്‍ഡ് ചെയര്‍മാന്‍ കെഎസ് ഹംസയും ഉമ്മര്‍ ഫൈസി മുക്കവും സുപ്രീകോടതിയെ അറിയിച്ചത്. കോടതിയില്‍ ഇത്തരമൊരു സത്യവാങ്മൂലം നല്‍കുകയും പുറത്ത് രാഷ്ട്രീയ വേദികള്‍ സംഘടിപ്പിച്ച് അമുസ്ലിംകളെ ഇപ്പോഴത്തെ സര്‍ക്കാര്‍ നിയമിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിക്കുകയും ചെയ്യുന്ന കാപട്യം പണ്ഡിതന് മാത്രമല്ല ഒരു വിശ്വാസിക്ക് പോലും ചേര്‍ന്നതല്ല. ബോര്‍ഡ് മുഴുവനായി പുനഃസംഘടിപ്പിക്കാന്‍ കോടതി കേരള സര്‍ക്കാറിന് അനുമതി നല്‍കിയതോടെ നിലനില്‍പ്പ് നഷ്ടപ്പെടുമെന്ന ഭയപ്പാടാണ് പരസ്പരവിരുദ്ധമായ പ്രസ്താവന നടത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. സമസ്തയുടെ സല്‍പേരിന് കളങ്കം ചാര്‍ത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതാരിക്കാന്‍ ആവശ്യവും ശക്തവുമായ നടപടികള്‍ അടിയന്തിരമായി നേതൃതലത്തില്‍ നിന്നുണ്ടാകണമെന്നാണ് സമസ്ത പ്രസ്താവനയിലൂടെ അറിയിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക