Image

കൺട്രി സംഗീത ഇതിഹാസം ഡോളി പാർട്ടൺ വിടവാങ്ങി

പ്രസാദ് തീയാടിക്കൽ Published on 25 August, 2026
കൺട്രി സംഗീത ഇതിഹാസം ഡോളി പാർട്ടൺ വിടവാങ്ങി

 

നാഷ്‌വിൽ: ലോകപ്രശസ്ത അമേരിക്കൻ കൺട്രി സംഗീത ഗായികയും ഗാനരചയിതാവും നടിയും ജീവകാരുണ്യ പ്രവർത്തകയുമായ ഡോളി പാർട്ടൺ (80) അന്തരിച്ചു. ചൊവ്വാഴ്ച (ഓഗസ്റ്റ് 25) ടെന്നസിയിലെ നാഷ്‌വില്ലിൽ സമാധാനപരമായായിരുന്നു അന്ത്യം. ഡോളി പാർട്ടന്റെ പബ്ലിസിസ്റ്റാണ് മരണവിവരം സ്ഥിരീകരിച്ചത്. മരണകാരണം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ആറു പതിറ്റാണ്ടോളം നീണ്ട സംഗീതജീവിതത്തിലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ കലാകാരിയായിരുന്നു ഡോളി പാർട്ടൺ. “Jolene,” “Coat of Many Colors,” “I Will Always Love You,” “9 to 5” തുടങ്ങിയ ഗാനങ്ങൾ അവരെ ലോക സംഗീതരംഗത്തെ അനശ്വര സാന്നിധ്യമാക്കി. അവരുടെ ഗാനങ്ങളും റെക്കോർഡുകളും ലോകമെമ്പാടുമായി 100 ദശലക്ഷത്തിലധികം വിറ്റഴിഞ്ഞിട്ടുണ്ട്.

1946 ജനുവരി 19ന് ടെന്നസിയിൽ 12 മക്കളുള്ള സാമ്പത്തികമായി പിന്നാക്കം നിന്ന കുടുംബത്തിലാണ് ഡോളി റെബേക്ക പാർട്ടൺ ജനിച്ചത്. ബാല്യത്തിൽ തന്നെ സംഗീതത്തോട് താൽപര്യം പ്രകടിപ്പിച്ച അവർ പള്ളിയിലായിരുന്നു ആദ്യമായി പൊതുവേദിയിൽ പാടിത്തുടങ്ങിയത്. 13-ാം വയസ്സിൽ തന്നെ പ്രശസ്തമായ Grand Ole Opry വേദിയിലെത്തിയ ഡോളി പിന്നീട് നാഷ്‌വില്ലിലേക്ക് താമസം മാറി സംഗീതരംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു.

ഗായിക എന്നതിനപ്പുറം അഭിനേത്രി, ബിസിനസ് സംരംഭക, ജീവകാരുണ്യ പ്രവർത്തക എന്നീ നിലകളിലും ഡോളി പാർട്ടൺ ശ്രദ്ധേയയായിരുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ആരംഭിച്ച Imagination Library പദ്ധതിയിലൂടെ നിരവധി കുട്ടികൾക്ക് സൗജന്യമായി പുസ്തകങ്ങൾ ലഭ്യമാക്കി. കോവിഡ് കാലത്ത് വാക്സിൻ ഗവേഷണത്തിനായി ഒരു മില്യൺ ഡോളർ സംഭാവന നൽകിയതും ഏറെ ശ്രദ്ധ നേടിയിരുന്നു.

സംഗീതലോകത്തെ അതുല്യ സംഭാവനകൾക്ക് 11 ഗ്രാമി പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഡോളി പാർട്ടൺ നേടിയിട്ടുണ്ട്. സംഗീതവും സിനിമയും ജീവകാരുണ്യ പ്രവർത്തനങ്ങളും ചേർന്ന ആറു പതിറ്റാണ്ടിന്റെ പാരമ്പര്യം അവശേഷിപ്പിച്ചാണ് കൺട്രി സംഗീതത്തിന്റെ പ്രിയതാരം വിടവാങ്ങുന്നത്.

ഡോളിയുടെ ഭർത്താവ് കാൾ ഡീൻ 2025 മാർച്ചിൽ അന്തരിച്ചിരുന്നു. ഇരുവരുടെയും ദാമ്പത്യജീവിതം ഏകദേശം ആറു പതിറ്റാണ്ട് നീണ്ടുനിന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക