
കോട്ടയം: രാജഭരണത്തിൽ നിന്ന് കേരളം വേർപെട്ടുവെങ്കിലും നമ്മുടെ ഭരണസംവിധാനത്തിന്റെ ഭാഗമായി ഉത്രാടക്കിഴി കൈമാറൽ ചടങ്ങ് നടന്നു വരുന്നു. എല്ലാ ഉത്രാടദിനത്തിലും കോട്ടയം വയസ്‌കര രാജഭവൻ കോവിലകത്ത് ഉത്രാടക്കിഴി കൈമാറൽ ചടങ്ങ് നടക്കും. . ഇതിനായി സർക്കാർ തന്നെ ഫണ്ട് നൽകുകയും ചെയ്യുന്നു. ഉത്രാടക്കിഴിയായി 1001 രൂപയാണ് ഇന്ന് വയസ്‌കര കോവിലകത്തെ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്ക് കൈമാറിയത്. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരിട്ട് കോവിലകത്ത് എത്തി ഉത്രാടക്കിഴി കൈമാറുകയായിരുന്നു.
കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഓണക്കോടിക്കായി കൈമാറിയിരുന്ന തുകയാണ് ഉത്രാടക്കിഴി. നിലവിൽ ' രാമവർമ എൻഡോവ്മെന്റ് ഉത്രാടം പെയ്മെന്റ്' എന്ന പേരിൽ ഈ കിഴി കൈമാറ്റം നടന്നു വരുന്നു. 1961ഒക്‌ടോബര്‍ 21ന് പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
കൊച്ചി രാജവംശത്തിന്‍റെ പിന്മുറക്കാരിയെന്ന നിലയിലാണ് വയസ്‌കര കോവിലകത്തെ രാജരാജവർമയുടെ ഭാര്യ സൗമ്യവതിക്ക് ഈ കിഴി കൈമാറിയത്. തൃശൂർ കളക്ടറേറ്റിൽ നിന്ന് അനുവദിക്കുന്ന തുക ബന്ധപ്പെട്ട തഹസീൽദാർക്ക് കൈമാറുകയാണ് ചെയ്യുന്നത്. മുമ്പ് 14 രൂപയായിരുന്ന തുക 2011ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെയാണ് 1000 രൂപയായി വർധിപ്പിച്ചത്.
സംസ്ഥാനത്ത് 81 രാജകുടുംബങ്ങൾക്ക് സർക്കാരിന്റെ ഉത്രാടക്കിഴി ലഭിക്കുന്നുണ്ട്. കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന താലൂക്കുകളിലാണ് ഉത്രാടക്കിഴി ആചാരം നിലവിലുള്ളത്. അന്തര്‍ജ്ജനങ്ങൾക്കാണ് ഉത്രാടക്കിഴി ,സ്വീകരിക്കാനുള്ള അവകാശം. ആലുവ താലൂക്കിൽ 33 പേർ ഉത്രാടക്കിഴി വാങ്ങുന്നുണ്ട്. തൃശൂർ താലൂക്കിൽ 17 പേർക്ക് തുക ലഭിക്കും. മുകുന്ദപുരം, കൊച്ചി, കോട്ടയം എന്നീ താലൂക്കുകളിൽ ഓരോ അന്തർജ്ജനങ്ങൾക്കാണ് ഉത്രാടക്കിഴി ലഭിക്കുന്നത്. കൊടുങ്ങല്ലൂർ – 4 ചാലക്കുടി – 2 കണയന്നൂർ – 11 കോഴിക്കോട് – 4 മാവേലിക്കര – 2 തിരുവല്ല – 2 താമരശേരി – 3 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ ഉത്രാടക്കിഴി വിതരണം.