
ബെംഗളൂരു: ഉമ്മത്തിൻകായ വിൽപ്പനയ്ക്ക് വെച്ച ആമസോൺ , സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് , ബിഗ് ബാസ്‌ക്കറ്റ് എന്നീ പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് കർണാടക സർക്കാർ സസ്പെൻഡ് ചെയ്തു.
ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങൾ ഉമ്മത്തിൻ കായ ഭക്ഷണസാധനങ്ങളുടെ കൂട്ടത്തിൽ വിൽക്കുന്നതായി കണ്ടെത്തിയത്. വെയർഹൗസുകളിൽ എഫ്എസ്എസ്എഐ ഫുഡ് ലൈസൻസ് നമ്പറുകളോടെ പാക്ക് ചെയ്ത നിലയിലാണ് ഉമ്മത്തിൻകായ കണ്ടെത്തിയത്.
ഒരു ഉപഭോക്താവിന് ഇൻസ്റ്റാമാർട്ട് ഓർഡറിനൊപ്പം ഉമ്മത്തിൻകായ സൗജന്യമായി ലഭിച്ചിരുന്നു. ഇതെത്തുടർന്ന് സോഷ്യൽ മീഡിയയിൽ ഉയർന്ന പരാതിയാണ് പരിശോധനയ്ക്ക് വഴിവെച്ചത്. സാധാരണയായി പൂജകൾക്കും പാരമ്പര്യ ആയുർവേദ ഔഷധ നിർമ്മാണത്തിനുമാണ് ഉമ്മത്തിൻകായ ഉപയോഗിക്കുന്നത്. എന്നാൽ ഈ പ്ലാറ്റ്‌ഫോമുകളിൽ ഒന്നിൽ 18 മുതൽ 20 രൂപ വരെ നിരക്കിൽ പഴവർഗ്ഗങ്ങളുടെ കൂട്ടത്തിലാണ് ഇവ വിറ്റഴിച്ചിരുന്നത് എന്നത് ഗൗരവമേറ്റുന്നു.
ഈ കായ അകത്തു ചെന്നാൽ ജീവാപായം അടക്കമുള്ള പ്രശ്നങ്ങളുണ്ടാകാൻ ഇടയുണ്ട്. എന്നിരിക്കെ, ഭക്ഷ്യവസ്തുക്കളുടെ കൂടെ സൗജന്യ ഓഫറായി ഇവ നൽകിയെന്നത് അതീവ ഗൗരവത്തോടെയാണ് കർണാടക സര്‍ക്കാർ കാണുന്നത്.