
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ കനത്ത മഴ തുടരുന്നതിനാൽ നിരവധി വിമാനസർവീസുകൾ റദ്ദാക്കി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 16 വിമാന സർവീസുകൾ റദ്ദാക്കിയതായും 113 സർവീസുകൾ വൈകിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
മോശം കാലാവസ്ഥ വിമാന സർവീസുകളെ എങ്ങനെ ബാധിച്ചുവെന്ന കാര്യത്തിൽ വിമാനത്താവള അധികൃതർ ഇതുവരെ ഔദ്യോഗിക പ്രസ്താവന നൽകിയിട്ടില്ല.
തിങ്കളാഴ്ച 26 വിമാന സർവീസുകൾ റദ്ദാക്കുകയും 15 എണ്ണം മറ്റ് നഗരങ്ങളിലേക്ക് തിരിച്ചുവിടുകയും 390 ലധികം വിമാനങ്ങൾ വൈകുകയും ചെയ്തു. ഡൽഹി - എൻസിആറിൽ ചൊവ്വാഴ്ചയും കനത്ത മഴ പെയ്തു. ശക്തമായ മഴയിൽ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്നും സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിലുടനീളം പല സ്ഥലങ്ങളിലും ഇന്നും മിതമായ മഴ തുടരുകയാണ്.