
എച്-1 ബി വിസയ്ക്കും ഓ പി ടി പ്രോഗ്രാമിനുമുള്ള ഫീ $103,265 ആയി ഉയർത്താൻ നിർദേശിച്ചെന്നു ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റ് (ഡി എച് എസ്) അറിയിച്ചു.
അഡ്വാൻസ്ഡ് ഡിഗ്രി എക്സെമ്പ്‌ഷൻ ഉള്ളവർക്കും ഇത് ബാധകമാണ്.
നേരത്തെ പ്രസിഡന്റ് ട്രംപ് നിർദേശിച്ച $100,000 ഫീ കോടതികളിൽ തടഞ്ഞു കിടപ്പാണ്. അപ്പോഴാണ് പുതിയ ഉയർന്ന നിരക്കിന്റെ നിർദേശം വരുന്നത്.
പുതിയ നിരക്കുകളിൽ ജനാഭിപ്രായം അറിയാൻ 30 ദിവസം അനുവദിച്ചിട്ടുണ്ട്. വർഷാവസാനത്തോടെ ഇത് നടപ്പാകും എന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യൻ കറൻസിയിൽ 96 ലക്ഷത്തോളം രൂപ വരുന്ന നിരക്കുകൾ സ്ഥിരമാക്കാനാണ് ട്രംപ് ഭരണകൂടം ആലോചിക്കുന്നതെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പ്രോഗ്രാമിൽ ഏറ്റവുമധികം പേർ എത്തുന്നത് ഇന്ത്യയിൽ നിന്നാണ് എന്നതു കൊണ്ട് ഇത് ഏറ്റവും ബാധിക്കുക ഇന്ത്യക്കാരെ ആയിരിക്കും. 2024ൽ യുഎസ് സി ഐ എസ് അംഗീകരിച്ച 399,402 വിസ അപേക്ഷകളിൽ 71% ഇന്ത്യക്കാർക്കായിരുന്നു.
ഡോണൾഡ് ട്രംപ് രണ്ടാം തവണ പ്രസിഡന്റാവും മുൻപ് എച്-1 ബി വിസയ്‌ക്കുള്ള അപേക്ഷാ ഫീ $2,000 മുതൽ $5,000 വരെ ആയിരുന്നു.
മറ്റെല്ലാ അപേക്ഷാ നിരക്കുകൾക്കും മീതെ ആയിരിക്കും പുതിയ നിരക്കെന്നു ഡി എച് എസ് പത്രക്കുറിപ്പിൽ പറഞ്ഞു. വർഷം തോറും $8.8 ബില്യൺ വരുമാനം ഇതിൽ നിന്നു പ്രതീക്ഷിക്കുന്നു.
US proposes additional $ 103,265 fee for H-1B cap-subject visa