
പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ഇറാനിൽ സന്ദർശനത്തിനു പുറപ്പെടും മുൻപ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിച്ചിരുന്നു എന്ന വെളിപ്പെടുത്തൽ പുതിയ നയതന്ത്ര നീക്കത്തിന്റെ സാധ്യത ഉയർത്തി.
തിങ്കളാഴ്ച്ചയാണ് മുനീർ ടെഹ്റാനിൽ എത്തിയത്. ഉറ്റ ബന്ധങ്ങളുടെ ഭാഗമായുള്ള സന്ദർശനം എന്നു ഇറാൻ അതിനെ വിശേഷിപ്പിച്ചു. എന്നാൽ യുഎസ്-ഇറാൻ ചർച്ചകൾ വീണ്ടും ആരംഭിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും നിരീക്ഷകർ കരുതുന്നു. "മേഖലയിലെ സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങളിൽ പാക്കിസ്ഥാൻ പങ്കെടുക്കുന്നുണ്ട്" എന്നു ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബാഗെയ് പറഞ്ഞു.
കഴിഞ്ഞയാഴ്ച്ച ട്രംപ് മുനീറുമായി ഇറാൻ വിഷയം സംസാരിച്ചുവെന്ന് സി എൻ എൻ പറയുന്നത് അതേക്കുറിച്ചു ആധികാരികമായി അറിയാവുന്നവരിൽ നിന്നുള്ള വിവരങ്ങൾ വച്ചാണ്. മുനീർ ഇറാന്റെ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മേജർ ജനറൽ മുഹ്‌സിൻ റെസായിയുമായി ചർച്ച നടത്തിയെന്നു ഇറാന്റെ ഐ ആർ ഐ ബി ടെലിവിഷൻ പറഞ്ഞു. യുഎസ് അവരുടെ പെരുമാറ്റ രീതി തിരുത്തണമെന്നു റെസായി ആവശ്യപ്പെട്ടുവത്രേ.
പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിനെയും മുനീർ കണ്ടു. ഇറാനുമായുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകൾ യുഎസ് ലംഘിച്ചതായി ഗാലിബാഫ് പരാതിപ്പെട്ടു. സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങളുമായി പാക്കിസ്ഥാൻ ഒപ്പുവച്ച മക്കാ കരാറിനെ കുറിച്ച് മുനീർ ഇറാൻ നേതാക്കളോട് വിശദീകരിക്കും.
ഒമാൻ വിദേശകാര്യ മന്ത്രി ബദർ ബിൻ ഹമദ് അൽ ബുസൈദി ചൊവാഴ്ച്ച ഇറാനിൽ എത്തുന്നുണ്ട്. മുനീറിന്റെ സന്ദർശനവുമായി അതിനു ബന്ധമില്ലെന്നു ഇസ്മയിൽ ബാഗെയ് പറയുന്നു.
Trump spoke to Munir before Pak army chief's Iran trip