Image

ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു: ഡോ. തോംസൺ കെ. മാത്യു, ഡോ. ബാബു കെ. വർഗീസ്, ഇവാ. വിൽസൺ ചേന്നനാട്ടിൽ ജേതാക്കൾ

Published on 24 August, 2026
ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു: ഡോ. തോംസൺ കെ. മാത്യു, ഡോ. ബാബു കെ. വർഗീസ്, ഇവാ. വിൽസൺ ചേന്നനാട്ടിൽ  ജേതാക്കൾ

 

കോട്ടയം: ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 2025 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. ക്രൈസ്തവ സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള വില്യം കേറി അവാർഡിന് ഡോ. തോംസൺ കെ. മാത്യുവും, കെ. വി. സൈമൺ സാർ സാഹിത്യ അവാർഡിന് ഡോ. ബാബു കെ. വർഗീസും, മിഷനറി വി. നാഗൽ കീർത്തന സാഹിത്യ അവാർഡിന് ഇവാ. വിൽസൺ ചേന്നനാട്ടിലും അർഹരായി. 

വില്യം കേറി അവാർഡ് ജേതാവായ ഡോ. തോംസൺ കെ. മാത്യു കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി., യേൽ യൂണിവേഴ്സിറ്റി ഡിവിനിറ്റി സ്കൂളിൽ നിന്ന് എം.ഡിവ്., എസ്.ടി.എം., ഓറൽ റോബർട്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡി.മിൻ., ഒക്ക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡി.ഡി. എന്നീ ബിരുദങ്ങൾ നേടിയിട്ടുണ്ട്. 

ഓറൽ റോബർട്സ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് തിയോളജി ആൻഡ് മിനിസ്ട്രിയിൽ ദീർഘകാലം പ്രൊഫസറായും ഡീനായും സേവനമനുഷ്ഠിച്ച ഡോ. തോംസൺ കെ. മാത്യു, പാസ്റ്ററൽ കെയർ, ആത്മീയ നേതൃത്വം, സഭാശുശ്രൂഷ തുടങ്ങിയ മേഖലകളിൽ അധ്യാപകനായും എഴുത്തുകാരനായും അന്തർദേശീയ തലത്തിൽ പ്രവർത്തിച്ചുവരുന്നു. 

Spiritual Identity and Spirit-Empowered Life, Spirit-led Ministry in the 21st Century, What Will Your Tombstone Say?, Ministry Between Miracles, Ministry Research Simplified തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. വിവിധ രാജ്യങ്ങളിൽ സുവിശേഷപ്രഘോഷണവും ശുശ്രൂഷാ പരിശീലനവും നിർവഹിച്ചുവരുന്നു. ഭാര്യ: മോളി.  

ചരിത്രകാരൻ, പത്രപ്രവർത്തകൻ, പ്രഭാഷകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള ഡോ. ബാബു കെ. വർഗീസ് ഇംഗ്ലീഷിലും മലയാളത്തിലുമായി 30-ലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഭാരതത്തിന്റെ സമഗ്ര വികസനത്തിൽ ക്രൈസ്തവ മിഷണറിമാർ നൽകിയ മഹത്തായ സംഭാവനകൾ വിവരിക്കുന്ന “ആധുനിക ഭാരതം: ബൈബിളിന്റെ സൃഷ്ടി” എന്ന ഗ്രന്ഥം ഏറെ ശ്രദ്ധേയമാണ്. 

1950-ൽ പത്തനംതിട്ട ജില്ലയിലെ മൈലപ്രയിൽ ജനിച്ച ഡോ. ബാബു കെ. വർഗീസ് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഫൊണറ്റിക്സ്, ഇന്ത്യൻ ഭാഷകൾ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ജേർണലിസം, പബ്ലിക് റിലേഷൻസ് തുടങ്ങിയ വിഷയങ്ങളിൽ പി.ജി. ഡിപ്ലോമകളും ഭാഷാശാസ്ത്രത്തിൽ പി.എച്ച്.ഡിയും നേടിയിട്ടുണ്ട്. 

വിവിധ പ്രമുഖ പത്രമാധ്യമങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം ദീർഘകാലമായി മുംബൈ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഭാര്യ: എൽസി. മക്കൾ: സ്നേഹ, തിമൊത്തി. 

അരനൂറ്റാണ്ടായി ക്രൈസ്തവ സംഗീതരംഗത്ത് സജീവ സാന്നിധ്യമായ ഇവാ. വിൽസൺ ചേന്നനാട്ടിൽ ചെങ്ങന്നൂർ സ്വദേശിയാണ്. “സീയോൻ യാത്രയതിൽ മനമേ”, “ഇത്രത്തോളം ജയം തന്ന”, “നിൻ ദാനം ഞാൻ അനുഭവിച്ചു”, “ഉണർവിൻ വരം ലഭിപ്പാൻ”, “കഷ്ടങ്ങൾ സാരമില്ല” തുടങ്ങിയ  350-ലധികം ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിച്ചിട്ടുണ്ട്. 

ഗായകൻ, ഗാനരചയിതാവ്, സംഗീതസംവിധായകൻ എന്നീ നിലകളിൽ പ്രസിദ്ധനായ വിൽസൺ ചേന്നനാട്ടിൽ കീബോർഡ്, ഗിറ്റാർ, വയലിൻ തുടങ്ങിയ സംഗീതോപകരണങ്ങളിൽ പ്രാവീണ്യം നേടിയ കലാകാരനാണ്. 22 ഓഡിയോ ആൽബങ്ങളും 10 വീഡിയോ ആൽബങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: എൽസി. മക്കൾ: ക്രിസ്റ്റഫർ, ജാക്സൻ.

അക്കാദമിയുടെ അവാർഡ് നിർണയ യോഗത്തിൽ പ്രസിഡന്റ് ടോണി ഡി. ചെവ്വൂക്കാരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, രക്ഷാധികാരി ഇവാ. ജെ. സി. ദേവ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ബാബു ജോർജ് പത്തനാപുരം, ട്രഷറർ ലിജോ വർഗീസ് പാലമറ്റം, പ്രോഗ്രാം കൺവീനർ ഷാജി മാറനാഥാ, മീഡിയ കൺവീനർ സാം കൊണ്ടാഴി എന്നിവർ അവാർഡ് നിർണയ ജൂറി അംഗങ്ങളായിരുന്നു.

നവംബറിൽ അങ്കമാലിയിൽ നടക്കുന്ന അക്കാദമിയുടെ 38 മത് വാർഷിക സമ്മേളനത്തിൽ  അവാർഡുകൾ സമ്മാനിക്കും.

-സാം കൊണ്ടാഴി, മീഡിയ കൺവീനർ

Join WhatsApp News
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-08-24 19:53:51
💥🔥ങേ, എന്റെ റബ്ബേ, ക്രൈസ്തവ സാഹിത്യത്തിനും Accademy അവാർഡോ?? ഞാൻ എന്താ ഈ കേൾക്കുന്നത്?? ഇത് ഏശു അറിഞ്ഞു കൊണ്ടുള്ള ഏർപ്പാടാണോ??? ങേ??🤔 അറിഞ്ഞു കൊണ്ട് ഒരു വരിയോ ,ഒരു പുസ്തകമോ ഇതുവരെയും എഴുതാത്ത mr. ഏശുവിന്റെ പേരിലും Accademi അവാർഡ്.... ശിവ, ശിവാ കാലം പോയ പോക്കേ...🫣 ഇനി, അഥവാ അങ്ങനെ ഒരു അവാർഡ് ആരെങ്കിലും ആർക്കെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ തന്നേ , അതിനർഹൻ എന്തുകൊണ്ടും, 24 മണിക്കൂറും mr.ഏശുവിനെ കുറിച്ച് വാസ്തവം മാത്രം e.malayalee- യിൽ, പ്രതിഫലേച്ഛയൊന്നും കൂടാതെ എഴുതുന്ന ഈ ഞാൻ തന്നെയാണ്.💪 Rejice John✳️
രസികൻ വലിയിടം 2026-08-24 21:06:25
ശ്രീ റെജീസ് - ശ്രീമാൻ മാത്തുള്ളയെ കോപിപ്പിക്കുന്ന ഒന്ന് രണ്ടു പേരുകൾ നിങ്ങളുടെ കമന്റിൽ വന്നു പോയി. ശിവ ശിവ...അതിൽ ഒരു ദോഷവുമില്ല. സുധീർ എഴുതിയപോലെ ഒരു രാജ്യത്തെ സംസ്കാരവും വിശ്വാസവുമൊക്കെ മറ്റുള്ളവർ പറഞ്ഞാലും ആകാശം ഇടിഞ്ഞ് വീഴില്ല പക്ഷെ മതഭ്രാന്ത് പിടിച്ചാൽ നശിപ്പിച്ചിരിക്കും ചുറ്റും നാശനഷ്ടങ്ങൾ ഉണ്ടാകും. .. കഷ്ടമാണ്.
Jayan varghese 2026-08-24 21:13:31
അപ്പോൾ ഷേക്സ്പിയർ പറഞ്ഞത് റജീസ് കേട്ടിട്ടില്ലേ ? ചിലർ അധർമ്മം പ്രവർത്തിച്ചു കൊണ്ട് നേടുന്നു. മറ്റുചിലർ ധർമ്മം സംരക്ഷിച്ചു കൊണ്ട് വീഴുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞതിന്റെ മലയാള പരിഭാഷ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക