Image

പിസ ഡെലിവറിക്കിടെ പഞ്ചാബ് സ്വദേശി വെടിയേറ്റ് മരിച്ച സംഭവം: വാഹനം ഓടിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നെന്ന് സംശയം

Published on 24 August, 2026
പിസ ഡെലിവറിക്കിടെ പഞ്ചാബ് സ്വദേശി വെടിയേറ്റ് മരിച്ച സംഭവം:  വാഹനം ഓടിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നെന്ന് സംശയം

 

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ പിസ്സ ഡെലിവറി ജോലിക്കിടെ അജ്ഞാതനായ അക്രമിയുടെ വെടിയേറ്റു പഞ്ചാബ് സ്വദേശിയായ യുവാവ് മരിച്ച സംഭവം വാഹനം ഓടിക്കുന്നതിനിടെയുണ്ടായ തർക്കത്തിലാണെന്ന് സംശയം. ക്വീൻസിൽ താമസിക്കുന്ന  പഞ്ചാബ് കപൂർത്തല സ്വദേശി  ഗുർദീപ് സിങ് (27) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.  രാത്രി പത്തു മണിയോടെ ഈസ്റ്റ് ന്യൂയോർക്കിലെ ക്രസന്റ് സ്ട്രീറ്റിന് സമീപം സ്റ്റാൻലി അവന്യൂവിലാണ് സംഭവം നടന്നത്. പോലീസ് സ്ഥലത്തെത്തിയപ്പോൾ  നെഞ്ചിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ സിംഗിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു.

സമീപത്തെ സി സി ടി വി  ദൃശ്യങ്ങളിൽ രണ്ട് പേർ തമ്മിൽ റോഡിൽ തർക്കിക്കുന്നതും തുടർന്ന്  വെടിവെപ്പ് നടക്കുന്നതും ഒരാൾ കാറിൽ കയറി രക്ഷപ്പെടുന്നതും കാണാമെന്ന് റിപ്പോർട്ടുകളുണ്ട്.   വെടിയേറ്റ ഗുർദീപ് സിങ് സംഭവസ്ഥലത്ത് വീണതോടെ അക്രമി കാറിൽ രക്ഷപ്പെടുകയായിരുന്നു .
പോലീസ് സംശയിക്കുന്ന ഡ്രൈവർക്കായി തിരച്ചിൽ തുടരുകയാണ്. 
സംഭവം നടന്ന സ്ഥലത്ത് ന്യൂയോർക്ക് പൊലീസ് മണിക്കൂറുകളോളം തിരച്ചിൽ നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ഇതുവരെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

സംഭവസ്ഥലത്തിന് സമീപം ജോലി ചെയ്യുന്ന ആന്റണി സാന്റോസ് ആറോളം വെടിയൊച്ചകൾ കേട്ടതായി പറഞ്ഞു. ആദ്യഘട്ടത്തിൽ പടക്കം പൊട്ടിക്കുന്നതാണെന്നാണ് കരുതിയതെന്നും എന്നാൽ ആംബുലൻസ് എത്തുന്നത് കണ്ടപ്പോഴാണ് സംഭവത്തിന്റെ ഗൗരവം  മനസ്സിലായതെന്നും അദ്ദേഹം വ്യക്തമാക്കി.

"തീർത്തും ഞെട്ടിക്കുന്ന സംഭവമാണിത്. എനിക്ക് വലിയ ഭയം തോന്നുന്നുണ്ട്," ആന്റണി സാന്റോസ് പറഞ്ഞു.

പഞ്ചാബിലെ കപൂർത്തലയിൽ നിന്ന് യുഎസ്സിലെത്തിയ ഗുർദീപ് സിങ് പിസ്സ ഡെലിവറി ജോലി ചെയ്തുവരികയായിരുന്നു.

ഈ വർഷം മാത്രം ഈ പ്രദേശത്ത്  28-ഓളം വെടിവയ്പ്പ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയും ന്യൂ ലോട്ട്സ് അവന്യൂവിലുള്ള റസ്റ്ററന്റിനുള്ളിൽ വച്ച് 17-കാരൻ വെടിയേറ്റു മരിച്ചിരുന്നു. പ്രദേശത്ത് വർധിച്ചു വരുന്ന തോക്കുപയോഗത്തിലും അക്രമസംഭവങ്ങളിലും പ്രദേശവാസികൾ ആശങ്ക രേഖപ്പെടുത്തി.

മികച്ചൊരു ഭാവി സ്വപ്‌നം കണ്ട് വായ്പയെടുത്താണ് 13 വര്‍ഷം മുമ്പ് ഗുര്‍ദീപ് സിംഗ് അമേരിക്കയിലേക്ക് പോയത്. അമേരിക്കയിലേക്ക് പോകാന്‍ തന്റെ മകന്‍ കനത്ത കടബാധ്യത ഏറ്റെടുത്തിരുന്നുവെന്നും എന്നാല്‍ അവിടെ എത്തിയ ശേഷം അദ്ദേഹം ഏറെക്കാലം വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നുവെന്നും ഗുര്‍ദീപ് സിംഗിന്റെ പിതാവ് പ്യാര ലാല്‍ പറഞ്ഞു. തന്റെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം നല്‍കാന്‍ അദ്ദേഹം രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്തുവെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഗുര്‍ദീപ് സിംഗിന്റെ കുടുംബത്തില്‍ പിതാവും ഒരു സഹോദരനുമാണുള്ളത്. അദ്ദേഹത്തിന്റെ മൃതദേഹം എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ, പ്രതികളെ ഉടന്‍ പിടികൂടാനും പരമാവധി കടുത്ത ശിക്ഷ ഉറപ്പാക്കാനും അമേരിക്കന്‍ അധികാരികള്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക