
മിഷിഗണിലെ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥി അബ്ദുൾ എൽ സായിദ് സ്ത്രീ വിരുദ്ധനെന്ന ആക്ഷേപം ഇന്റെനെറ്റിൽ കത്തിപ്പടരുന്നു. വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെ വിമർശിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഉഷ വാൻസിനെയും പരാമർശിച്ചു എന്നതാണ് റിപ്പബ്ലിക്കൻ പാർട്ടി ഒരു ആയുധമാക്കിയത്.
സായിദ് ശരിയാ നിയമം അനുസരിച്ചു ജീവിക്കുന്നു എന്നതിനു വാൻസ് അദ്ദേഹത്തെ വിമർശിച്ചതു പ്രകോപനമായിരുന്നു. ഉഷയുടെ ഇന്ത്യൻ പൈതൃകത്തെ സൂചിപ്പിച്ച സായിദ് തിരിച്ചടിക്കുമ്പോൾ വാൻസിന്റെ അപ്പൂപ്പൻ ഉഷയെ പരിചയപ്പെടാത്തതു നന്നായി എന്നു പറഞ്ഞു. അപ്പൂപ്പൻ വർഗീയവാദി ആയിരുന്നു എന്നാണ് സായിദ് പറഞ്ഞവച്ചതെന്നു വ്യാഖ്യാനമുണ്ടായി.
അതെന്തൊരു ചിന്താഗതിയാണെന്നു ടെക്സസ് റിപ്പബ്ലിക്കൻ റെപ്. ബ്രാണ്ടൻ ഗിൽ ചോദിച്ചു.
"അപ്പോൾ മിഷിഗണിലെ ഗ്രാമങ്ങളിൽ ജീവിക്കുന്ന വെള്ളക്കാരെല്ലാം വർഗീയ വാദികളാണെന്നു സായിദ് വിശ്വസിക്കുന്നു," നിരീക്ഷകൻ റയാൻ ഗിർദുസ്‌കി പറഞ്ഞു.
സായിദിനെ എതിർത്തു റിപ്പബ്ലിക്കൻ എതിരാളി മൈക്ക് റോജേഴ്സിനു പിന്തുണ നൽകുന്ന ഡെമോക്രാറ്റുകളുടെ എക്സ് അക്കൗണ്ടിൽ സായിദിനെ സ്ത്രീ വിദ്വേഷിയെന്നും ലിംഗവാദിയെന്നും ആക്ഷേപിച്ചു.
"അയാൾ വംശീയ വിദ്വേഷിയാണ്," പത്രപ്രവർത്തക എമിലി ഷ്റാഡർ കുറിച്ചു.
പ്രസിഡന്റ് ട്രംപിന്റെ സഹായി നതാലി ഹാർപ്പിനെയും സായിദ് ഉന്നം വച്ചിരുന്നു. ട്രംപിനു നതാലിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപണം ഉയരുന്നതിനിടയിലാണ് ആ പരാമർശം ഉണ്ടായത്.
രണ്ടു വനിതകൾക്കും എതിരായ പരാമർശങ്ങൾ മോശപ്പെട്ട സ്ഥാനാർഥിയുടെ മോശപ്പെട്ട പ്രചാരണമാണ് കാട്ടുന്നതെന്നു റിപ്പബ്ലിക്കൻ സ്ട്രാറ്റജിസ്റ്റ് മാറ്റ് വിറ്റ്ലോക്ക് പറഞ്ഞു.
മിഷിഗൺ റിപ്പബ്ലിക്കൻ നേതാവ് ട്യൂഡർ നിക്സൺ പറഞ്ഞു: "അയാൾ ഉഷയെ ആക്രമിച്ചു, നതാലിയെ ആക്രമിച്ചു. അയാളുടെ പോരാട്ടവുമായി യാതൊരു ബന്ധവുമില്ലാത്ത സ്ത്രീകളെയാണ് ആ ഭീരു ആക്രമിക്കുന്നത്. അയാൾ കോൺഗ്രസിൽ എത്തിയാൽ സ്ത്രീ സ്റ്റാഫ് അംഗങ്ങളോട് എങ്ങിനെ പെരുമാറുമെന്ന് ആലോചിച്ചു നോക്കൂ."
Sayed flayed for comments on Usha Vance