
ചെന്നൈ: കാറിൽനിന്ന് ചെറിയ കറുത്ത വസ്ത്രം ധരിച്ച് ഒരു സ്ത്രീ ഇറങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം. വീഡിയോയിലുള്ളത് വ്യവസായമന്ത്രി എസ്. കീർത്തനയാണെന്ന പ്രചാരണം ശക്തമായതോടെയാണ് കീർത്തന പ്രതികരണവുമായി രംഗത്തെത്തിയത്. വീഡിയോയിലുള്ള സ്ത്രീ താനല്ലെന്ന് കീർത്തന വ്യക്തമാക്കി. എന്നാൽ അത് താനായിരുന്നെങ്കിൽ പോലും എന്താണ് പ്രശ്നമെന്നും അവർ ചോദിച്ചു.
ഡിഎംകെ അനുകൂലികളെന്ന് ആരോപിക്കപ്പെടുന്നവരുടെ ചില സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നാണ് വീഡിയോ പങ്കുവച്ച് സ്ത്രീ കീർത്തനയാണോ എന്ന് ചോദിച്ചത്. ഇതിന് പിന്നാലെ വിമർശനങ്ങളും ട്രോളുകളും ശക്തമായി. സ്ത്രീയുടെ വസ്ത്രധാരണത്തെ ചുറ്റിപ്പറ്റിയുണ്ടായ രാഷ്ട്രീയ വിവാദത്തെ വിമർശിച്ച കീർത്തന, ഇത്തരം പ്രതികരണങ്ങൾ സ്ത്രീകളോടുള്ള പുരുഷാധിപത്യ മനോഭാവത്തിന്‍റെ പ്രതിഫലനമാണെന്ന് പറഞ്ഞു. “ഒരു സ്ത്രീയുടെ വസ്ത്രം, രൂപം, സന്തോഷം എന്നിവ ഇപ്പോഴും പൊതുവിചാരണയ്ക്ക് വിധേയമാക്കേണ്ട വിഷയങ്ങളാണോ?”- കീർത്തന ചോദിച്ചു.
ഭരണനയങ്ങൾ, സർക്കാരിന്‍റെ പ്രവർത്തനം, ഭരണനേട്ടങ്ങൾ എന്നിവയെ ചോദ്യം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും വ്യക്തിജീവിതത്തെക്കുറിച്ച് വ്യാജപ്രചാരണങ്ങൾ നടത്തുന്നതെന്നും കീർത്തന ആരോപിച്ചു. “സാരമായ സംഭാവനകളൊന്നും നൽകാനില്ലാത്തവരുടെ ഏറ്റവും പഴയ ആയുധമാണ് സ്ത്രീവിദ്വേഷം”- എന്നായിരുന്നു കീർത്തനയുടെ പ്രതികരണം.
വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത് താനല്ലെന്ന് കീർത്തന ആവർത്തിച്ചു. സാമ്യമുണ്ടെന്ന കാരണത്താൽ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ട സ്ത്രീയോട് അവർ ക്ഷമാപണവും നടത്തി. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നത് തുടരണമെന്നും അവർ പറഞ്ഞു.