
സംസ്ഥാനത്തെ കോളജുകളിലെ അധ്യാപകരും വിദ്യാർഥികളും അംഗങ്ങളായുള്ള വാട്‌സാപ് ഗ്രൂപ്പുകൾക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ. ഗ്രൂപ്പുകളിൽ രാഷ്ട്രീയവും മതപരവുമായ ചർച്ചകൾ ഒഴിവാക്കണമെന്നും, അക്കാദമിക് കാര്യങ്ങൾക്കും ഔദ്യോഗിക അറിയിപ്പുകൾ നൽകുന്നതിനും മാത്രമായി ഗ്രൂപ്പുകളുടെ പ്രവർത്തനം ചുരുക്കണമെന്നും കൊളീജിയറ്റ് എജ്യുക്കേഷൻ ഡയറക്ടർ എ. ഷിബു പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.
ഗ്രൂപ്പുകളുടെ ദുരുപയോഗം തടയുന്നതിന് അഡ്മിൻമാരായ അധ്യാപകർ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം. അതേസമയം, സർക്കുലറിനെതിരെ ഇടത് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ രംഗത്തെത്തി. നിർദേശം അധ്യാപകരുടെയും വിദ്യാർഥികളുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇത്തരത്തിലുള്ള സർക്കുലറുകൾ അപഹാസ്യമാണെന്നും സംഘടന ആരോപിച്ചു.