Image

വർഷകാല സമ്മേളനം അവസാനിപ്പിക്കാതെ കേന്ദ്രം; മണ്ഡല പുനർനിർണയ ബിൽ കൊണ്ടുവരാനെന്ന് കോൺഗ്രസ്

Published on 24 August, 2026
വർഷകാല സമ്മേളനം അവസാനിപ്പിക്കാതെ കേന്ദ്രം; മണ്ഡല പുനർനിർണയ ബിൽ കൊണ്ടുവരാനെന്ന് കോൺഗ്രസ്

പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞെങ്കിലും നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ്. മണ്ഡല പുനർനിർണയ ഭേദഗതി ബിൽ കൊണ്ടുവരാനുള്ള നീക്കമാണിതിന് പിന്നിലെന്നാണ് കോൺഗ്രസിന്റെ ആരോപണം.

മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായ വിഷയത്തിൽ സഭ വീണ്ടും ചേരുന്നതിനുള്ള നീക്കമാണോയെന്ന സംശയവും പ്രതിപക്ഷം ഉന്നയിക്കുന്നു. അടിയന്തരമായി പാർലമെന്റ് വീണ്ടും വിളിച്ചുചേർക്കാനാണോ കേന്ദ്രത്തിന്റെ പദ്ധതിയെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ചോദിച്ചു. പുതിയ സമ്മേളനം വിളിക്കാതെ തന്നെ നടപടികൾ തുടരുന്നതിനാണ് സഭ ഔദ്യോഗികമായി അവസാനിപ്പിക്കാത്തതെന്നും കോൺഗ്രസ് ആരോപിച്ചു.

2015ലെ മൺസൂൺ സമ്മേളനത്തിൽ 28 ദിവസവും 2021ൽ 20 ദിവസവും സഭ ഇതേ രീതിയിൽ തുടരുകയുണ്ടായിരുന്നുവെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. എന്നാൽ അന്ന് ഇത്തരം ദുരുദ്ദേശപരമായ നീക്കങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 ജൂലൈ 20ന് ആരംഭിച്ച് ഈ മാസം 13ന് അവസാനിച്ച വർഷകാല സമ്മേളനത്തിന്റെ ഭൂരിഭാഗം സമയവും പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങിയിരുന്നു. നീറ്റ് വിവാദം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം ആവർത്തിച്ച് ഉന്നയിച്ചെങ്കിലും, കാര്യമായ ചർച്ചകൾ നടത്താതെ കേന്ദ്ര സർക്കാർ സുപ്രധാന ബില്ലുകൾ പാസാക്കിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക