
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ഇ.ഡി സംഘത്തെ ആക്രമിച്ച കേസിൽ പ്രതിയായ സിപിഎം നേതാവ് ഐ.പി.ബിനുവിന് പൊലീസ് ഉദ്യോഗസ്ഥരുടെ അതേ ഡ്രസ് കോഡ്. പൊലീസ് കോൺസ്റ്റബിളാണ് ബിനുവിന് വസ്ത്രം വാങ്ങി നൽകിയതെന്നാണ് വിവരം. ഓണാഘോഷത്തിനായി ഒരേ നിറത്തിലുള്ള ഷർട്ടും മുണ്ടുമായിരുന്നു പൊലീസുകാരുടെ വേഷം. അതേ വേഷത്തിലാണ് ബിനുവും സ്റ്റേഷനിലെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് സ്പെഷൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി റാവാഡ എ. ചന്ദ്രശേഖർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ‘ഊഞ്ഞാൽ കണ്ടാൽ ഒന്ന് ആടിയില്ലെങ്കിൽ പിന്നെയെന്ത് ഓണം’- എന്നാണ് ബിനു സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോയിൽ കുറിച്ചത്. പൊലീസുകാരുടെ ഓണാഘോഷത്തിന് ബിനു ഉൾപ്പെടെ ഇരുപതോളം പ്രതികളാണ് പങ്കെടുത്തത്.
നഗരത്തിലെ കടയിൽനിന്ന് പൊലീസുകാർ വസ്ത്രം വാങ്ങിയതിനൊപ്പം ബിനുവിനും കൂടി വാങ്ങിയെന്നാണ് വിവരം. സ്റ്റേഷന്റെ ചുമതലയുള്ള ഇൻസ്പെക്ടറും സേനയിലെ ഇടതുപക്ഷ സംഘടനാ നേതാവുമായ ആർ. പ്രശാന്തിന്റെ അറിവോടെയാണ് കേസിലെ പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്തതെന്ന് സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി