Image

ഇമ്രാന്‍ ഖാന് മാനുഷിക പരിഗണനയും ശരിയായ ചികിത്സയും ഉറപ്പാക്കണം; 21 മുന്‍ ക്യാപ്റ്റന്മാര്‍ പാക് പ്രധാനമന്ത്രിക്ക് കത്തയച്ചു

Published on 23 August, 2026
 ഇമ്രാന്‍ ഖാന് മാനുഷിക പരിഗണനയും ശരിയായ ചികിത്സയും ഉറപ്പാക്കണം; 21 മുന്‍ ക്യാപ്റ്റന്മാര്‍ പാക് പ്രധാനമന്ത്രിക്ക് കത്തയച്ചു

ദുബൈ; മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായിരുന്ന ഇമ്രാന്‍ ഖാന് മാനുഷിക പരിഗണനയും ശരിയായ ചികിത്സയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 21 മുന്‍ ക്യാപ്റ്റന്മാര്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തയച്ചു. ഇന്ത്യയുടെ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, ദിലീപ് വെങ്‌സര്‍ക്കാര്‍ കൂടാതെ മൈക്കല്‍ ആതര്‍ട്ടന്‍, അലസ്ലെയര്‍ കുക്ക്, നാസര്‍ ഹുസൈന്‍ (ഇംഗ്ലണ്ട്), അലന്‍ ബോര്‍ഡര്‍, ഗ്രിഗ് ചാപ്പല്‍, ഇയാന്‍ ചാപ്പല്‍, സ്റ്റീവ് വോ (ഓസ്ട്രേലിയ), ക്ലൈവ് ലോയ്ഡ് (വെസ്റ്റ് ഇന്‍ഡീസ്), അര്‍ജുന റണതുംഗ (ശ്രീലങ്ക), ജോണ്‍ റൈറ്റ് (ന്യൂസിലന്‍ഡ്) തുടങ്ങി പ്രമുഖരായ മുന്‍ ക്യാപ്റ്റന്മാര്‍ ഒപ്പുവെച്ചിട്ടുണ്ട്. 

ആരോഗ്യനില സംബന്ധിച്ച ആശങ്കകള്‍ക്കിടയിലും കോടതി ഉത്തരവിട്ട വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലാണ് കത്തയിച്ചിരിക്കുന്നത്. 

73 കാരനായ മുന്‍ പാക് ക്യാപ്റ്റന്‍ മൂന്ന് വര്‍ഷത്തിലധികമായി തടവിലാണ്. ആറ് മാസം മുമ്പ് 14 മുന്‍ അന്താരാഷ്ട്ര ക്യാപ്റ്റന്മാര്‍ അയച്ച കത്തിന് പിന്നാലെയാണ് ഇപ്പോള്‍ ഏഴ് പേര്‍ കൂടി ഈ സംഘത്തോടൊപ്പം ചേര്‍ന്ന് പുതിയ കത്തയച്ചിരിക്കുന്നത്. രാഷ്ട്രീയത്തിനപ്പുറം ക്രിക്കറ്റ് മൈതാനത്ത് ഇമ്രാന്‍ ഖാനുമായി പങ്കിട്ട സൗഹൃദമാണ് ഈ ഇടപെടലിന് കാരണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു. 

കോടതി ഉത്തരവ് പ്രകാരം സ്വകാര്യ ഡോക്ടര്‍മാരും സഹോദരി ഡോ. ഉസ്മ ഖാനും അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് ഇമ്രാന്‍ ഖാനെ പരിശോധിക്കാന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ പ്രതിവാര കുടുംബ സന്ദര്‍ശനങ്ങളും കോടതി പുനഃസ്ഥാപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക