
തിരുവനന്തപുരം: പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം കേരളത്തോടുള്ള കടുത്ത വിവേചനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഈ നിലപാട് ഒപ്പിച്ചു പോകാൻ കഴിയില്ലെന്നും, കേന്ദ്രത്തിന്റെ ഇത്തരം നടപടികൾ കേരളത്തിന്റെ റെയിൽവേ വികസനത്തെ പുറകോട്ട് അടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടക സർക്കാരിന്റെ നിലപാടും ഒട്ടും സ്വീകാര്യമല്ല.
വിഷയത്തിൽ സംസ്ഥാന സർക്കാരുകൾ തമ്മിലല്ല ചർച്ച നടത്തേണ്ടത്, മറിച്ച് കേന്ദ്ര സർക്കാരാണ് അടിയന്തരമായി തീരുമാനമെടുക്കേണ്ടത്. ഈ വിഷയത്തിൽ ഇടതു – വലത് മുന്നണികൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന കാര്യത്തിൽ യാതൊരുവിധ എതിരഭിപ്രായവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള പാലക്കാട് ഡിവിഷന്റെ പ്രധാന ഭാഗങ്ങൾ വേർപെടുത്തി, ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഈ തീരുമാനത്തിനെതിരെ കേരളത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തുകയും കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.